ദോഹ:
ഖത്തർ ദേശീയ വികസന മാർഗരേഖ (വിഷൻ -2030)യുടെ ലക്ഷ്യം നിറവേറ്റാനുള്ള ശ്രമങ്ങൾ ഊർജിതമാക്കാൻ ശൂറാ കൗൺസിൽ ആഹ്വാനം ചെയ്തു. സ്പീക്കർ അഹ്മദ് ബിൻ അബ്ദുല്ല ബിൻ സെയ്ദ് ആൽ മഹ്മൂദിൻെറ അധ്യക്ഷതയിൽ വിഡിയോ കോൺഫറൻസ് വഴി നടത്തിയ യോഗത്തിലാണ് നിർദേശം.
ഖത്തർ ദേശീയ വിഷൻ -2030ഉം അഭിമുഖീകരിക്കുന്ന വെല്ലുവിളികളും സംബന്ധിച്ച് ആസൂത്രണ സ്ഥിതിവിവരക്കണക്ക് അതോറിറ്റി പ്രസിഡൻറ് ഡോ സാലിഹ് ബിൻ മുഹമ്മദ് അൽ നാബിതിൻെറ അവതരണം നടത്തി. സർവിസ് ആൻഡ് പബ്ലിക് യൂട്ടിലിറ്റിസ് സമിതിയുടെ റിപ്പോർട്ട് ശൂറാ കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്തു.
വിഷൻ -2030 നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പൗരന്മാർക്ക് എല്ലാ ക്ഷേമവും ഉറപ്പുവരുത്തുന്നതിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിരന്തര ശ്രമങ്ങൾക്ക് ശൂറാ കൗൺസിൽ പ്രശംസ അറിയിച്ചു. വിഷൻ -2030 ലക്ഷ്യത്തിലെത്തിക്കുന്നതിന് അതത് മന്ത്രാലയങ്ങളും സർക്കാർ ഏജൻസികളും ആസൂത്രണ സ്ഥിതിവിവരക്കണക്ക് അതോറിറ്റിയുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിക്കണമെന്ന് ശൂറാ കൗൺസിൽ ആവശ്യപ്പെട്ടു. ഈ സഹകരണം ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലെ തടസ്സങ്ങൾ നീക്കുന്നതിൽ സഹായകമാകുമെന്നും വ്യക്തമാക്കി.