കൊച്ചി:
അഡ്മിനിസ്ട്രേറ്റർക്കെതിരെ ലക്ഷദ്വീപുവാസികൾ സമരം ശക്തമാക്കുന്നു. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ എല്ലാവരെയും പങ്കെടുപ്പിച്ചുള്ള നിരാഹാരമാണു നടത്തുക. എല്ലാ ദ്വീപുകളിലും ഒരേ ദിവസം അവരവരുടെ വീടുകളിൽത്തന്നെയാകും സമരം.
ഏഴിനാണ് ഇപ്പോൾ ആലേചിക്കുന്ന തീയതിയെങ്കിലും ഡൽഹിയിലുള്ള എംപി മടങ്ങി വന്നാലുടൻ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
അതേസമയം, ലക്ഷദ്വീപിലെ കടമത്ത് വില്ലേജ് ദ്വീപ് പഞ്ചായത്തും ഇന്നലെ അഡ്മിനിസ്ട്രേറ്ററുടെ നയങ്ങൾക്കും കലക്ടറുടെ വിവാദ പരാമർശങ്ങൾക്കുമെതിരെ പ്രമേയങ്ങൾ പാസാക്കി. 3 പ്രമേയങ്ങളാണു പാസാക്കിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിഐ അൻവർ കാൻ, അംഗങ്ങളായ അബ്ദുൽ സത്താർ, എസ്എം സാബിറ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
കവരത്തി, ആന്ത്രോത്ത്, അമിനി, കിൽത്താൻ എന്നീ ദ്വീപു പഞ്ചായത്തുകൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രമേയം പാസാക്കിയിരുന്നു. കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫിസുകൾക്കു മുന്നിലും പ്രതിഷേധം തുടരുകയാണ്.