തിരുവനന്തപുരം:
മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി പി എ മുഹമ്മദ് റിയാസിനെയും ബന്ധപ്പെടുത്തിയുള്ള കെ ബാബുവിന്റെ പരാമർശത്തെച്ചൊല്ലി നിയമസഭയിൽ ബഹളം. റിയാസിനെ മന്ത്രിയാക്കിയതിന് മുഖ്യമന്ത്രിയെ താൻ കുറ്റം പറയില്ലെന്നും മക്കൾ രക്ഷപ്പെടണമെന്ന് ഏതു പിതാവാണ് ആഗ്രഹിക്കാത്തതെന്നുമായിരുന്നു ബാബുവിന്റെ പരാമർശം.
ഇതോടെ ഭരണപക്ഷ അംഗങ്ങൾ ബഹളവുമായി എഴുന്നേറ്റു. എന്നാൽ, ബാബു ഇതൊന്നും കാര്യമാക്കാതെ പ്രസംഗം തുടർന്നു. ‘പോ മക്കളേ. അതൊക്കെ അങ്ങു കയ്യിൽ വച്ചാൽ മതി’ എന്നും ഭരണപക്ഷത്തെ നോക്കി അദ്ദേഹം പറഞ്ഞു.
പ്രതിഷേധം ശക്തമായതോടെ ബാബുവിന്റെ സമയം അവസാനിച്ചെന്നും മൈക്ക് അടുത്ത പ്രസംഗകനായ എം എം മണിക്കു കൈമാറുന്നുവെന്നും സ്പീക്കർ പറഞ്ഞു. ഇത് അംഗീകരിക്കാതെ ബാബു പ്രസംഗം തുടർന്നെങ്കിലും മണിക്കു മൈക്ക് കൈമാറിയതോടെ അദ്ദേഹം ഇരുന്നു.