Wed. Jan 22nd, 2025
ബ്രിട്ടൻ:

ബ്രിട്ടനിൽ ഒരു വർഷത്തിനിടെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്യാത്ത ദിവസമായി ചൊവ്വാഴ്ച. 2020 മാർച്ചിന് ശേഷമാണ് രാജ്യത്ത് കൊവിഡ് മരണമില്ലാത്ത ദിവസം റിപ്പോർട്ട് ചെയ്യുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇതുവരെ 1,27,782 പേരാണ് ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് ആകെ മരിച്ചത്. ഏറ്റവും കൂടുതൽ ആളുകൾ മരിച്ച രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാമതാണ് ബ്രിട്ടൻ.

ഇന്നലെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ സെക്രട്ടറിയാണ് ഔദ്യോഗികമായി അറിയിച്ചത്. രാജ്യം മുഴുവൻ ഈ ദിവസം സന്തോഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. വാക്സിൻ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് പ്രായപൂർത്തിയായവരിൽ 75 ശതമാനത്തോളം പേർക്കും കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സൗജന്യമായി നൽകിക്കഴിഞ്ഞു. കൃത്യമായ വാക്സിനേഷൻ തന്നെയാണ് ഈ ചരിത്ര നേട്ടത്തിന് പിന്നിലെന്നാണ് ആരോ​ഗ്യവിദ​ഗ്ധരുടെയും വിലയിരുത്തൽ. ജൂൺ 21 ന് സമ്പദ്‌വ്യവസ്ഥയെ അൺ‌ലോക്ക് ചെയ്യുന്നതിനുള്ള അവസാന ഘട്ട പദ്ധതികളുമായി മുന്നോട്ട് പോകുകയാണ് രാജ്യം.

By Divya