Mon. Dec 23rd, 2024
ന്യൂഡൽഹി:

റഷ്യന്‍ നിര്‍മിത കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് വിയുടെ മൂന്നാമത്തെ ബാച്ച് ഇന്ന് രാജ്യത്ത് എത്തും. 27.9 ലക്ഷം ഡോസുകളാണ് ഇന്ന് എത്തുക. ജൂണ്‍ മാസത്തില്‍ 50 ലക്ഷം അടക്കം, അടുത്ത രണ്ട് മാസത്തിനുള്ളില്‍ 1.8 കോടി ഡോസുകള്‍ എത്തിക്കാന്‍ ശ്രമിക്കുന്നതായി വാക്‌സിന്‍ വികസിപ്പിച്ച ഗമലേയ റിസര്‍ച്ച് സെന്റര്‍ അറിയിച്ചു.

അതിനിടെ രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം കുറയുന്നു. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുപ്രകാരം ഒന്നേകാല്‍ ലക്ഷമാണ് രാജ്യത്തെ പ്രതിദിന രോഗികള്‍. മരണസംഖ്യ മൂവായിരത്തിന് താഴെയായി കുറഞ്ഞു.

പ്രതിദിന കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 27,936 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 478 പേര്‍ മരിച്ചു. മഹാരാഷ്ട്ര, കേരളം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിദിന കേസുകള്‍ കുറഞ്ഞു.

മധ്യപ്രദേശില്‍ മുന്‍മന്ത്രിയും ബിജെപി നേതാവുമായ ലക്ഷ്മികാന്ത് ശര്‍മ കൊവിഡ് ബാധിച്ചു മരിച്ചു. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഇന്ന് മുതല്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ നിലവില്‍വരും. ഉത്തര്‍പ്രദേശില്‍ ആക്റ്റീവ് കേസുകള്‍ 600ല്‍ താഴെയുള്ള പ്രദേശങ്ങളില്‍ എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ക്കും തുറന്നുപ്രവര്‍ത്തിക്കാനാകും.

55 ജില്ലകളില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുണ്ട്. 20 ജില്ലകളില്‍ ലോക്ക് ഡൗണ്‍ തുടരും.

By Divya