മലപ്പുറം:
ഇന്ത്യയിൽനിന്നുള്ള ഹജ്ജ് യാത്രക്കാർ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് ഒന്നാം ഡോസ് മേയ് 13നുമുമ്പും രണ്ടാം ഡോസ് സൗദി അറേബ്യയിലേക്കു പ്രവേശിക്കുന്നതിന് 14 ദിവസം മുമ്പും എടുക്കണമെന്ന് നിർദേശിച്ചതായി ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി അറിയിച്ചു. നിശ്ചിത സമയത്ത് ഒന്നാം ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് വാക്സിൻ ഹജ്ജ് യാത്രക്ക് 14 ദിവസം മുമ്പ് എടുക്കുന്നതിന് ക്രമീകരണം ചെയ്യാൻ ഹജ്ജ്കാര്യ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നിർദേശിച്ചിട്ടുണ്ട്.
കോവിഷീൽഡ് വാക്സിൻ ഒന്നാം ഡോസ് സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് എടുക്കുന്നതിനുള്ള ഇടവേള 4-6 ആഴ്ചയായി ചുരുക്കി ക്രമീകരിക്കണമെന്നും അപേക്ഷകരെ മുൻഗണന ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നും കൊവിഡ് സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ ചേർക്കണമെന്നും ഹജ്ജ് കമ്മിറ്റി ചെയർമാൻ ആവശ്യപ്പെട്ടിരുന്നു.
തുടർന്നാണ് മന്ത്രി തിരുവനന്തപുരത്ത് യോഗം വിളിച്ചത്. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, മെംബർ അനസ് ഹാജി, വകുപ്പ് സെക്രട്ടറിമാർ, കോഓഡിനേറ്റർ അഷ്റഫ് അരയൻകോട് എന്നിവർ പങ്കെടുത്തു. സ്ത്രീകൾക്കായി ഹജ്ജ് ഹൗസ് നിർമിക്കുന്നതിനുള്ള നിർദേശം ധനവകുപ്പിന് സമർപ്പിക്കാനും തീരുമാനിച്ചു.