Fri. Apr 26th, 2024
ന്യൂഡൽഹി:

സുബോധ് കുമാർ ജയ്‌സ്വാളിനെ പുതിയ സിബിഐ ഡയറക്ടറായി നിയമിച്ചു. മഹാരാഷ്ട്ര കേഡറിലെ 1985 ബാച്ച് ഐപിഎസ് ഓഫീസറാണ് സുബോധ് കുമാർ ജസ്വാൾ. നിലവിൽ സിഐഎസ്എഫ് മേധാവിയായി ജോലി ചെയ്യുന്നു. റോയിൽ ഒൻപത് വർഷം സേവനം അനുഷ്ടിച്ചിട്ടുണ്ട്. രണ്ട് വർഷത്തേക്കാണ് പുതിയ നിയമനം.

സുബോധ് കുമാർ ജയ്‌സ്വാളിനെ കൂടാതെ സശസ്ത്ര സീമാ ബൽ ഡിജി കെ ആർ ചന്ദ്ര, ആഭ്യന്തരമന്ത്രാലയം സ്‌പെഷ്യൽ സെക്രട്ടറി വഎസ്‌കെ കൗമുദി എന്നിവരാണ് ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. ഇതിൽ സീനിയർ സുബോദ് കുമാറായിരുന്നു.

സിബിഐ ഡയറക്ടറെ തീരുമാനിക്കാൻ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നതാധികാര സമിതി യോഗത്തിൽ സംസ്ഥാന ഡിജിപി ലോക്‌നാഥ് ബഹ്‌റ ഉൾപ്പടെ 12 പേരുടെ പട്ടികയാണ് ഉണ്ടായിരുന്നത്.

എന്നാൽ വിരമിക്കാൻ ആറുമാസത്തിൽ താഴെ ഉള്ളവരെ പരിഗണിക്കേണ്ടതില്ല എന്ന സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് എൻവി രമണ ചട്ടങ്ങൾ പാലിക്കണം എന്ന നിലപാട് സ്വീകരിച്ചു. കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി ഇതിനെ പിന്തുണച്ചു.

ഇതോടെ കേന്ദ്രത്തിന് താല്പര്യമുണ്ടായിരുന്ന സിബിഐ മുൻ സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താന, എൻഐഎ മേധാവി വൈസി മോദി എന്നിവർ പുറത്തായി. വിരമിക്കാൻ ഒരു മാസമുള്ള ലോക്‌നാഥ് ബഹ്‌റയേയും ഇതേ കാരണത്താൽ ഒഴിവാക്കുകയായിരുന്നു. നാല് മാസം വൈകിയാണ് ഉന്നതാധികാര സമിതിയോഗം ചേർന്നത്.

അതേസമയം ഡയറക്ടറെ തിരഞ്ഞെടുക്കുന്ന രീതിക്കെതിരെ അധിർ രഞ്ജൻ ചൗധരി രംഗത്തെത്തി. ഉദാസീന മനോഭാവത്തോടെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയകൾ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.തനിക്ക് ആദ്യം 109 പേരുകൾ ലഭിച്ചെന്നും സമിതി കൂടുന്നതിന്റെ തലേന്ന് അത് 16 പേരുകളായി ചുരുങ്ങിയെന്നും ചൗധരി പറഞ്ഞു.

തിങ്കളാഴ്ച ഒരുമണിയോടെ അത് 10 പേരും നാലുമണിയോടെ ആറുപേരും ആയി ചുരുങ്ങി. പഴ്സോണൽ-പരിശീലന വകുപ്പിന്റെ ഈ ഉദാസീന ഭാവം വളരെ പ്രതിഷേധാർഹമാണെന്നും അധിർ രഞ്ജൻ ചൗധരി പറഞ്ഞു.

By Divya