Sat. Apr 27th, 2024
ന്യൂഡൽഹി:

കേരളത്തിൽ പ്രതിപക്ഷ നേതാവ് ആരെന്നതിനെച്ചൊല്ലി കോൺഗ്രസിൽ വടംവലി രൂക്ഷം. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയോടെ വിഡി സതീശൻ നേതാവായേക്കുമെന്ന സൂചനകൾ ശക്തമായെങ്കിലും ഹൈക്കമാൻഡ് സ്ഥിരീകരിച്ചില്ല. രമേശ് ചെന്നിത്തലയെ മാറ്റരുതെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ ആവശ്യപ്പെടുന്നു. മാറ്റില്ലെന്ന് അവർ പ്രതീക്ഷിക്കുന്നു.
പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതു സംബന്ധിച്ച് മല്ലികാർജുൻ ഖർഗെ, വി വൈത്തിലിംഗം എന്നിവർ ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിച്ചു. ഒൗദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. തിരുവനന്തപുരത്ത് എംഎൽഎമാരുമായി ഒറ്റയ്ക്കൊറ്റയ്ക്ക് ഖർഗെ നടത്തിയ കൂടിക്കാഴ്ചയിൽ, ഭൂരിഭാഗം പേരും തങ്ങളെയാണ് അനുകൂലിച്ചതെന്ന പ്രതീക്ഷ രമേശും സതീശനും ഒരുപോലെ പങ്കുവയ്ക്കുന്നു.

ഇതിനിടെ, കെപിസിസി പ്രസിഡന്റായി കെ സുധാകരനെയും യുഡിഎഫ് കൺവീനറായി പിടി തോമസിനെയും നിയോഗിച്ചേക്കുമെന്ന സൂചനകളും പുറത്തുവന്നു.

എന്നാൽ, ഈ പദവികളിലെ തീരുമാനങ്ങൾ വൈകാനാണു സാധ്യത. പ്രതിപക്ഷനേതൃപദവിയിൽ നിന്നു മാറുന്നതു സംബന്ധിച്ച് ഹൈക്കമാൻഡിൽ നിന്ന് ഒരു സന്ദേശവും ചെന്നിത്തലയ്ക്കു ലഭിച്ചിട്ടില്ല. ഉമ്മൻ ചാണ്ടിയുടെ പിന്തുണയും രമേശിനുണ്ട്.

ഇരുവരെയും മറികടന്നുള്ള തീരുമാനത്തിന് ഹൈക്കമാൻഡ് മുതിർന്നാൽ, സംസ്ഥാന കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളിൽ ചലനമുണ്ടാകും. രമേശിനു പിന്തുണ നൽകുന്നതിനു പകരം കെപിസിസി പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെടാനും അതിലേക്ക് മുതിർന്ന നേതാവ് കെസി ജോസഫിന്റെ പേര് മുന്നോട്ടു വയ്ക്കാനും എ ഗ്രൂപ്പ് ആലോചിക്കുന്നു.

നേതൃതലത്തിൽമാറ്റം അനിവാര്യമാണെന്നു വാദിക്കുന്ന യുവ എംഎൽഎമാരിൽ ചിലരാണു സതീശനു പിന്നിലുള്ളത്. കെ സുധാകരൻ അടക്കമുള്ള ഏതാനും എംപിമാരും നേതൃമാറ്റത്തെ അനുകൂലിക്കുന്നു.

ഒന്നാം പിണറായി സർക്കാരിനെതിരെ നിരന്തരം അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് യുഡിഎഫിന്റെ പടനയിച്ച രമേശിനെ മാറ്റുന്നത് അനീതിയാണെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ വാദിക്കുന്നു.

By Divya