Mon. Nov 18th, 2024
തിരുവനന്തപുരം:

സംസ്ഥാനത്തെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ രണ്ടാം ഡോസ് വാക്സീൻ എടുക്കുന്നവർക്കു മുൻഗണന നൽകിത്തുടങ്ങി. രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവർ സ്വയം ബുക്കിങ് നടത്തേണ്ടതില്ല. ഇവർക്കു മുൻകൂട്ടി തീയതിയും സമയവും അനുവദിക്കുമെന്നും ഇക്കാര്യം ആശ പ്രവർത്തകരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹായത്തോടെ അറിയിക്കുമെന്നും മന്ത്രി കെകെ ശൈലജ പറഞ്ഞു.

അതേസമയം, പലയിടത്തും ഇന്നും സ്പോട് റജിസ്ട്രേഷനാണ് ഒരുക്കിയിരിക്കുന്നത്. ഇതു വലിയ തിരക്കിനിടയാക്കുമെന്ന് ആശങ്കയുണ്ട്. വാക്സിനേഷൻ സെന്ററുകളിൽ സെഷൻ ഷെഡ്യൂൾ ചെയ്യുമ്പോൾ രണ്ടാമത്തെ ഡോസ് എടുക്കേണ്ടവർക്കാണു മുൻഗണന. ഇതിനായി അനുവദിച്ച സമയത്തു മാത്രമേ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്താവൂ.

രണ്ടാം ഡോസ് കൊവിഷീൽഡ് വാക്സീൻ 6 – 8 ആഴ്ചയ്ക്കകവും കോവാക്സിൻ 4 – 6 ആഴ്ചയ്ക്കകവുമാണ് എടുക്കേണ്ടത്. ഓരോ വാക്സിനേഷൻ കേന്ദ്രത്തിലും രണ്ടാമത്തെ ഡോസ് എടുക്കാൻ അർഹതയുള്ളവരുടെ ലിസ്റ്റ് കോവിൻ പോർട്ടലിൽ ലഭ്യമാകും. രണ്ടാമത്തെ ഡോസ് എടുക്കാൻ മുൻഗണന നൽകിയതിനുശേഷം മാത്രമേ ആദ്യ ഡോസുകാർക്കു സ്ലോട്ട് അനുവദിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

അതേസമയം, 2 ഡോസും വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് എടുക്കുന്നവരെ എങ്ങനെ മുൻകൂട്ടി അറിയിക്കുമെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. രണ്ടാം ഡോസ് കുത്തിവയ്പിനു മുൻഗണന നൽകിയശേഷമേ  ആദ്യ ഡോസുകാർക്കു സ്ലോട്ട് അനുവദിക്കൂവെന്നും വാക്സീൻ കേന്ദ്രങ്ങളിൽ തിരക്കു കൂട്ടി രോഗം പിടിപെടാതെ നോക്കണമെന്നും.  മുഖ്യമന്ത്രി പറഞ്ഞു.

By Divya