ചാലക്കുടി: ചാലക്കുടിയിൽ താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം ഉണ്ടെന്നറിഞ്ഞു സഹായവുമായി നഗരത്തിലെ തന്നെ വ്യാപാരസ്ഥാപനം. ചാലക്കുടി ട്രാംവേ റോഡിൽ കാവുങ്ങൽ അജൻസിസ് നടത്തുന്ന ആന്റിൻ ജോസ് ആണ് ഹോസ്പിറ്റലിലേക്ക് ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചു നൽകിയത്.
ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറിൻറെ കുറവ് മനസ്സിലാക്കിയ ആൻറിൻ തന്റെ പക്കലുള്ള 50 ഓക്സിജൻ സിലിണ്ടറും ആരും ആവശ്യപ്പെടാതെ കൊടുക്കുകയായിരുന്നു. ഓക്സിജൻ കിട്ടാതെ നൂറുകണക്കിന് പേർ ഉത്തരേന്ത്യയിൽ മരിച്ചുവീഴുന്ന കാഴ്ച ദിവസേന നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ മേഖലക്ക് കൈത്താങ്ങുമായി ഈ ചെറുപ്പക്കാരൻ എല്ലാവര്ക്കും മാതൃകയായിരിക്കുന്നത്.
കോവിഡ് അനിയന്ത്രിതമായി കേരളത്തിൽ പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സൂക്ഷിച്ചില്ലെങ്കിൽ ഉത്തരേന്ത്യക്ക് സമാനമായ സ്ഥിതിയിലേക്ക് സംസ്ഥാനം എത്തിപ്പെടുമെന്നാണ് ആരോഗ്യ വിദഗ്ധരടക്കം പറയുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ ആരോഗ്യമേഖല അടക്കം തയാറെടുപ്പുകൾ നടത്തുമ്പോൾ ഇത്തരത്തിൽ സഹായ സന്നദ്ധതയുമായി ആളുകളുടെ വരവ് സംസ്ഥാനത്തിന് വലിയൊരു സഹായം തന്നെയാണ്.
വാക്‌സിൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചതു മുതലെ ദുരിതാശ്വാസ നിധിയിലേക്കടക്കം ജനങ്ങൾ സംഭാവനകൾ ചയ്തത് സർക്കാരിന് വലിയ പിന്തുണ നൽകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഉത്തരേന്ത്യയിലെപോലെ ഓക്സിജൻ കിട്ടാത്ത സാഹചര്യം എവിടെയും ആവർത്തിക്കാതിരിക്കാനായി ആന്റിൻ ഇങ്ങനൊരു തീരുമാനത്തിലേക്കെത്തിയത്.
സ്വന്തം സ്ഥാപനത്തിൽ വിൽപനക്ക് വെച്ചിരുന്ന 50 ഓക്സിജൻ സിലിണ്ടറുകളും നഷ്ടത്തെക്കുറിച്ച് വേവലാതിപ്പെടാതെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് നൽക്കുകയായിരുന്നു. ഒരു രോഗിയും ഓക്സിജൻ ലഭിക്കാതെ കഷ്ടപ്പെടരുതെന്നും ലഭ്യതക്കനുസരിച്ച് ഇനിയും ആശുപത്രിയിലേക്ക് സിലിണ്ടർ കൊടുക്കാൻ തയാറാണെന്നും ആൻറിൻ പറഞ്ഞു.
ആന്റിന്റെ ഈ മാതൃകാ തീരുമാനത്തെക്കുറിച്ചറിഞ്ഞ ചാലക്കുടി ടൗൺ ചുമട്ടുതൊഴിലാളികൾ കൂലി വാങ്ങാതെ സിലിണ്ടറുകൾ സ്ഥാപനത്തിൽ നിന്ന് വണ്ടിയിലേക്ക് കയറ്റിക്കൊടുത്തുഎന്നൊരു സംഭവം കൂടി ഇതിനു പിന്നാലെ ഉണ്ടായി.
രോഗികളുടെ എണ്ണം അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിൽ താലൂക്ക് ആശുപത്രിയിലെ ഓക്സിൻ സിലിണ്ടർ ക്ഷാമത്തെച്ചൊല്ലി ആശുപത്രി സൂപ്രണ്ട് ആശങ്ക പങ്കുവെച്ചിരുന്നു. 12,500 രൂപയാണ് ഇപ്പോൾ ഒരു സിലിണ്ടർ ഓക്സിജന്റെ വില. പണം കൊടുക്കാൻ തയ്യാറായാണെങ്കിലും കിട്ടാനില്ലാത്തതാണ് നിലവിലെ പ്രശ്നം.
ഓക്സിജൻ ക്ഷാമത്തിന് പരിഹാരം കാണാനായി നഗരസഭ പ്രാൺ പദ്ധതി ആവിഷ്കരിച്ച് സിലിണ്ടർ വാങ്ങാൻ ജനങ്ങളിൽ നിന്ന് ഫണ്ട് സ്വരൂപിക്കാൻ ആരംഭിച്ചിട്ടുണ്ട്. ഇതിലേക്കായി ചാലക്കുടിയിലെ വിവിധ വ്യാപാരികളും, മത-സാമൂഹിക പ്രവർത്തകരും പൂർണ പിന്തുണയുമായി രംഗത്തുവന്നിരിക്കുകയാണ്.
പ്രാദേശികമായ ഒരു ഫേസ്ബുക് കൂട്ടായ്മയുടെ പേജിലൂടെയാണ് ഈ വാർത്ത ആദ്യം പുറത്തുവന്നത്. തുടർന്ന് ഇത് സമൂഹ മാധ്യമങ്ങളിൽ വേഗത്തിൽ പ്രചരിക്കുകയായിരുന്നു. വാർത്ത അറിഞ് വിവിധ പ്രദേശങ്ങളിൽ നിന്ന് ആന്റിന് സോഷ്യൽ മീഡിയയിൽ അഭിനന്ദനപ്രവാഹമാണ്.