Mon. Nov 25th, 2024
ന്യൂഡൽഹി:

വീട്ടില്‍ നിരീക്ഷണത്തിലിരിക്കുന്ന കൊവിഡ് രോഗികള്‍ക്കുള്ള പുതിയ ചികിത്സാ മാര്‍ഗരേഖ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചു. ദിവസം രണ്ടു നേരം ചൂടുവെള്ളം കവിള്‍ കൊള്ളുകയും ആവി പിടിക്കുകയും ചെയ്യണമെന്ന് മാര്‍ഗ രേഖയില്‍ പറയുന്നു. പനി, മൂക്കൊലിപ്പ്, കഫക്കെട്ട് തുടങ്ങിയവയുള്ളവര്‍ ഡോക്ടറുടെ സഹായം നിര്‍ബന്ധമായും തേടണം. പനിയുള്ളവര്‍ക്ക് ദിവസം നാല് നേരം പാരസെറ്റമോള്‍ കഴിക്കാം. പരമാവധി ഡോസ് 650 എംജിയായിരിക്കണമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.

ഭക്ഷണവും മരുന്നുകളും, മറ്റ് കുടുംബാംഗങ്ങള്‍ക്ക് രോഗം പടരാതിരിക്കാനുള്ള സുരക്ഷ മാനദണ്ഡങ്ങളും വിവരിക്കുകയാണ് പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് ബാധിച്ച വ്യക്തി കഴിയുന്ന മുറി നന്നായി വായുസഞ്ചാരമുള്ളതും എല്ലാ ജനലുകളും തുറന്നിട്ടതുമാകണമെന്ന് മാര്‍ഗനിര്‍ദ്ദേശം പറയുന്നു.

കൊവിഡ് ബാധിതന്‍ എല്ലായ്പ്പോഴും ട്രിപ്പിള്‍-ലെയര്‍ മെഡിക്കല്‍ മാസ്‌ക് ഉപയോഗിക്കണം. ഒരു മാസ്‌ക്ക് 8 മണിക്കൂര്‍ മാത്രമേ പരമാവധി ഉപയോഗിക്കാവൂ. പരിചരണം നല്‍കുന്നയാള്‍ മുറിയില്‍ പ്രവേശിക്കുന്ന സാഹചര്യത്തില്‍ ശുശ്രൂഷകനും രോഗിയും എന്‍ 95 മാസ്‌ക് ഉപയോഗിക്കണം.

മാസ്‌കുകളിലെ അണുനാശനം 1% സോഡിയം ഹൈപ്പോക്ലോറൈറ്റ് ഉപയോഗിച്ച് ശീലമാക്കണം. രോഗികള്‍ക്ക് താപനില, ഹൃദയമിടിപ്പ്, ഓക്സിജന്‍, ശ്വസന ബുദ്ധിമുട്ടുകള്‍ എന്നിവ ഉണ്ടെങ്കില്‍ അവ പരിശോധിക്കണം. കൊവിഡ് ബാധിതര്‍ വെള്ളം ധാരാളം കുടിക്കണമെന്നും മാര്‍ഗ നിര്‍ദേശം വ്യക്തമാക്കുന്നു.

60 വയസിനു മുകളില്‍ പ്രായമുള്ള പ്രായമായ രോഗികള്‍ക്കും രക്തസമ്മര്‍ദം, പ്രമേഹം, ഹൃദ്രോഗം, വിട്ടുമാറാത്ത ശ്വാസകോശം/കരള്‍/വൃക്കരോഗം/സെറിബ്രോ-വാസ്‌കുലര്‍ രോഗം തുടങ്ങിയ രോഗാവസ്ഥകളുള്ളവരെ ശരിയായി നിരീക്ഷിച്ച ശേഷം മാത്രമേ മെഡിക്കല്‍ ഓഫീസര്‍ വീട്ടില്‍ ഐസലോഷന് നിര്‍ദേശിക്കാവൂ എന്നും മാര്‍ഗനിര്‍ദ്ദേശം വ്യക്തമാക്കുന്നുണ്ട്.

By Divya