Mon. Dec 23rd, 2024
തിരുവനന്തപുരം:

രണ്ടാം ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്കുള്ള സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളില്‍ ഇവര്‍ക്കായി പ്രത്യേക സജ്ജീകരണമുണ്ട്. കഴിഞ്ഞ ദിവസമാണ് കൊവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത്.

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം തുടരുകയും രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാനുള്ളവരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത്. ഇതിനായി ആദ്യ ഡോസ് സ്വീകരിച്ചവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി വരികയാണ്.

കൂടാതെ ആശാവര്‍ക്കര്‍മാരുടെയും തദ്ദേശ ജീവനക്കാരുടെയും സഹായം ഇതിനായി പ്രയോജനപ്പെടുത്തും. ആദ്യ ഡോസായി കൊവീഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് 6 മുതല്‍ 8 ആഴ്ചകള്‍ക്കിടയില്‍ രണ്ടാം ഡോസ് നല്‍കാനാണ് നിലവിലെ തീരുമാനം. അതോടൊപ്പം കൊവാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് നാല് മുതല്‍ ആറ് ആഴ്ചക്കുള്ളില്‍ രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കും.

വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനൊപ്പം പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്താനും തീരുമാനമായി. എത്രയും വേഗം രണ്ടാം ഡോസ് വാക്‌സിന്‍ എല്ലാവരിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യ വകുപ്പിന്റെ പുതിയ തീരുമാനം.

By Divya