Wed. Jan 22nd, 2025
തിരുവനന്തപുരം:

സംസ്ഥാനത്ത് കൊവിൻ ആപ്പ് വഴിയുള്ള വാക്സീൻ രജിസ്ട്രേഷനിലെ പ്രശ്നങ്ങൾ തുടരുന്നു. രജിസ്ട്രേഷന് പലരും ശ്രമിക്കുമ്പോഴുള്ള മറുപടി ‘നോ അപ്പോയ്മെന്‍റ്സ് അവൈലബിൾ’ എന്നാണ്. കഴിഞ്ഞ നാലഞ്ച് ദിവസമായുള്ള പ്രശ്നമാണിത്. ഈ മാസവും അടുത്ത മാസവും ഒന്നും ഒഴിവില്ലെന്നാണ് ആപ്പ് പറയുന്നത്.

18 വയസ്സ് കഴിഞ്ഞവർക്കുള്ള രജിസ്ട്രേഷൻ കൂടി തുടങ്ങിയതോടെ ആപ്പ് തീരെ കിട്ടുന്നില്ലെന്നാണ് പരാതി. ഒരു ദിവസം വളരെ ചുരങ്ങിയ സമയം മാത്രമാണ് ആപ്പ് പ്രവർത്തിക്കുന്നത്. 45 വയസ്സു കഴിഞ്ഞവർക്കാണ് പ്രധാനമായും രജിസ്ട്രേഷൻ ചെയ്യാനാകാത്തത്.

രണ്ടാം ഡോസ് വാക്സിൻ സമയം വൈകുന്നതിനാൽ ഇവരുടെ ആശങ്ക വർധിക്കുകയാണ്. എന്നാൽ അത്തരം ആശങ്ക വേണ്ടെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദർ പറയുന്നത്. ആദ്യ ഡോസ് എടുത്ത് പരമാവധി 12 ആഴ്ചക്കുള്ളിൽ രണ്ടാം ഡോസ് എടുത്താൽ മതിയെന്നാണ് മുഖ്യമന്ത്രി തന്നെ നേരത്തെ പറഞ്ഞത്.

12 ആഴ്ച കഴിഞ്ഞ് രണ്ടാം ഡോസ് എടുത്താലും പ്രശ്നമില്ലെന്ന അഭിപ്രായം ആരോഗ്യവിഗദ്‌ധർ ഉന്നയിക്കുന്നു. വാക്സീന്‍റെ ലഭ്യതകുറവ് തന്നെയാണ് പ്രധാനപ്രശ്നമായി തുടരുന്നത്. നിലവിൽ ഒന്നരലക്ഷത്തില്‍ താഴെ വാക്സീൻ മാത്രമാണ് സ്റ്റോക്കുള്ളത്. ഉള്ള സ്റ്റോക്ക് വച്ച് പരമാവധി ഇടങ്ങളിൽ നിശ്ചിത എണ്ണം കുത്തിവയ്പ് നല്‍കാനാണ് ലക്ഷ്യം.

സ്വകാര്യ ആശുപത്രികള്‍ക്ക് പുതിയതായി വാക്സീൻ ഡോസ് നൽകില്ല. ഓണ്‍ലൈനായി മാത്രമാണ് വാക്സിൻ വിതരണം എന്നുപറയുമ്പോഴും ഇന്ന് തിരുവനന്തപുരം ജില്ലയില്‍ കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും സ്പോട്ട് രജിസ്ട്രേഷൻ നടത്തി വാക്സീൻ വിതരണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. 18 വയസിന് മുകളിലുള്ളവരുടെ രജിസ്ട്രേഷൻ തുടങ്ങിയെങ്കിലും ശനിയാഴ്ച മുതൽ വാക്സിൻ നൽകുന്നതിൽ വ്യക്തതയായിട്ടില്ല.

By Divya