Sat. Nov 23rd, 2024
ന്യൂഡല്‍ഹി:

ജീവിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്ന് സോളിസിറ്റ‍ർ ജനറലിനെയടക്കം ഓർമ്മപ്പെടുത്തി സുപ്രീംകോടതി. തടവുകാർക്കും ഇത് ബാധകമാണെന്നും സിദ്ദിഖ് കാപ്പന് ഉത്തരവിൽ സുപ്രീം കോടതി ചൂണ്ടികാട്ടി. കാപ്പന് മികച്ച ചികിത്സ ലഭ്യമാക്കാനായി ദില്ലിയിലേക്ക് മാറ്റണമെന്ന് വ്യക്തമാക്കി ഇന്നലെയിറക്കിയ ഉത്തരവിലാണ് ഇക്കാര്യം പരമോന്നത കോടതി ചൂണ്ടികാട്ടിയത്.

സിദ്ദിഖ് കാപ്പനെ യുപിയിൽ നിന്നും പുറത്ത് കൊണ്ടു പോകുന്നതിനെ അവസാന നിമിഷം വരെ സോളിസിറ്റര്‍ ജനറൽ എതിര്‍ത്തെങ്കിലും സുപ്രീംകോടതി, മെച്ചപ്പെട്ട ചികിത്സ നൽകാൻ ദില്ലിക്ക് കൊണ്ടു പോകാൻ ഉത്തരവിടുകയായിരുന്നു. കാപ്പന് ഇടക്കാല ജാമ്യം നൽകണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല. ദില്ലി എയിംസിലോ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലോ കാപ്പനെ പ്രവേശിപ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

സത്യം ജയിച്ചെന്നായിരുന്നു സിദ്ദിക്ക് കാപ്പന്‍റെ കുടുംബം ഉത്തരവിനോട് പ്രതികരിച്ചത്. കാപ്പന്‍റെ അസുഖത്തിന് ചികിത്സ ലഭിക്കുന്നതിൽ ആശ്വാസ്യകരമായ നിലപാടാണ് സുപ്രീം കോടതിയെടുത്തതെന്നും നന്ദിയും സന്തോഷമുണ്ടെന്നും ഭാര്യ റൈഹാനത്ത് വ്യക്തമാക്കിയിരുന്നു.

By Divya