Wed. Nov 6th, 2024
കൊല്ലം:

കുണ്ടറയില്‍ സ്വന്തം കാര്‍ കത്തിക്കാന്‍ ഗൂഢാലോചന നടത്തിയ ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസിനെ ചോദ്യം ചെയ്യലിനായി കൊല്ലം ചാത്തന്നൂരിലെത്തിച്ചു. സംഭവത്തില്‍ ദല്ലാളിന്റെ പങ്കിനെ കുറിച്ച് കൂടുതല്‍ തെളിവുകള്‍ സമാഹരിക്കാനാണ് പൊലീസ് നീക്കം. വൈദ്യ പരിശോധനാ ഫലം വന്നതിന് ശേഷമാവും ഷിജു വര്‍ഗീസിന്റെ ചോദ്യംചെയ്യല്‍ ആരംഭിക്കുക.

കുണ്ടറ നിയമസഭ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഷിജു വര്‍ഗീസിനെ ഇന്ന് രാവിലെ 9. 30 ഓടെയാണ് ഗോവയില്‍ നിന്നും കൊല്ലം ചാത്തന്നൂരില്‍ എത്തിച്ചത്. ദല്ലാള്‍ എന്നറിയപ്പെടുന്ന വിവാദ ഇടനിലക്കാരന്റെ പങ്കിനെ കുറിച്ചാണ് പൊലീസ് പ്രധാനമായും അന്വേഷണം നടത്തുന്നത്.

ഇവര്‍ തമ്മിലുള്ള ഫോണ്‍ വിളികളുടെ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇരുവരും ചേര്‍ന്ന് കൊച്ചിയിലെ ഫ്‌ളാറ്റില്‍ വെച്ച് ഗൂഢാലോചന നടത്തി എന്നാണ് പൊലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുക്കാനും ശ്രമം നടക്കുന്നു.

33 നിയമസഭ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് വിധി അട്ടിമറിക്കുകയായിരുന്നു ഗൂഢാലോചനക്ക് പിന്നിലുള്ള ലക്ഷ്യമെന്നാണ് പൊലീസ് കണ്ടെത്തല്‍.

By Divya