ന്യൂഡൽഹി:
രാജ്യത്ത് കൊവിഡ് വാക്സിൻ വില കുറക്കാൻ കേന്ദ്രസർക്കാർ ജിഎസ്ടി ഒഴിവാക്കിയേക്കുമെന്ന് സൂചന. ധനകാര്യമന്ത്രാലയത്തിൽ ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുന്നുവെന്നാണ് വിവരം. ഹിന്ദുസ്ഥാൻ ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
നിലവിൽ കൊവിഡ് വാക്സിന് അഞ്ച് ശതമാനമാണ് ജിഎസ്ടി ചുമത്തുന്നത്. ഇത് പൂർണമായും ഒഴിവാക്കാനാണ് ആലോചന. ജിഎസ്ടിയിൽ മാറ്റം വരുത്താൻ ജിഎസ്ടി കൗൺസിലിൻറെ കൂടി അനുമതി വേണം.
എന്നാൽ, വാക്സിൻറെ ജിഎസ്ടി കുറക്കാനുള്ള തീരുമാനത്തെ സംസ്ഥാനങ്ങളാരും എതിർക്കില്ലെന്നാണ് കേന്ദ്രസർക്കാറിൻറെ പ്രതീക്ഷ. എന്നാൽ, ഇക്കാര്യത്തിൽ പരസ്യപ്രതികരണത്തിന് ധനകാര്യമന്ത്രാലയം തയാറായിട്ടില്ല. നേരത്തെ വാക്സിൻ സംസ്ഥാനങ്ങൾക്ക് നേരിട്ട് നൽകാനും പൊതുവിപണിയിൽ വിൽക്കാനും കേന്ദ്രസർക്കാർ കമ്പനികളെ അനുവദിച്ചിരുന്നു.
കോവിഷീൽഡ് വാക്സിൻ സംസ്ഥാനങ്ങൾക്ക് 300 രൂപക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപക്കുമാണ് നൽകുന്നത്. കോവാക്സിൻ സംസ്ഥാന സർക്കാറുകൾക്ക് 600 രൂപക്കും സ്വകാര്യ ആശുപത്രികൾക്ക് 1200 രൂപക്കുമാണ് നൽകുന്നത്. ജിഎസ്ടി കുറക്കുന്നതോടെ ഈ വിലയിൽ മാറ്റമുണ്ടാകും.