Mon. Dec 23rd, 2024
മഹാരാഷ്ട്ര:

മഹാരാഷ്ട്രയിലെ താനെയിൽ ആശുപത്രിയിൽ തീപിടുത്തം. നാല് രോഗികൾ മരിച്ചു. ഹബ് താനെയിലെ പ്രൈംക്രിട്ടികെയർ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 3.40 ഓടെയാണ് സംഭവം നടന്നത്. വെന്റിലേറ്ററിൽ ഉണ്ടായിരുന്ന രോഗികളാണ് മരിച്ചത്.

രോഗികളെ രക്ഷപ്പെടുത്താനായി മൂന്ന് ഫയർ എഞ്ചിനുകളും അഞ്ച് ആംബുലൻസുകളും സ്ഥലത്തെത്തി. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇരുപതോളം രോഗികളെ ആശുപത്രിയിൽ നിന്ന് മാറ്റിയതായി പൊലീസ് പറഞ്ഞു. ഇതിൽ ആറ് പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉത്തരവിട്ടു. മരിച്ചവരുടെ ബന്ധുക്കൾക്ക് മഹാരാഷ്ട്ര സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

മഹാരാഷ്ട്രയിലെ തന്നെ പൽഘറിലുള്ള കൊവിഡ് സെന്ററിൽ കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ തീപിടുത്തത്തിൽ പതിമൂന്ന് പേർ മരിച്ചിരുന്നു. ഐസിയുവിലാണ് അന്ന് തീപിടുത്തമുണ്ടായത്.

By Divya