ന്യൂഡൽഹി:
അസമിൽ ബുധനാഴ്ച രാവിലെ റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. നാഷണൽ സെൻറർ ഫോർ സീസ്മോളജിയാണ് ഇക്കാര്യം അറിയിച്ചത്. ഭൂകമ്പത്തിൽ ആർക്കും പരിക്കേറ്റതായി വിവരമില്ല.
രാവിലെ 7.51 ഓടെയായിരുന്നു ആദ്യ ഭൂകമ്പം. ഇതിന് ശേഷം 7.55ന് രണ്ട് തുടർ ചലനങ്ങളുമുണ്ടായി. 4.3, 4.4 തീവ്രത രേഖപ്പെടുത്തിയ തുടർ ചലനങ്ങളാണ് ഉണ്ടായത്.
തേസ്പൂരിൽ 43 കിലോ മീറ്റർ അകലെയാണ് ഭൂകമ്പത്തിൻറെ പ്രഭവകേന്ദ്രമെന്ന് അധികൃതർ അറിയിച്ചു. ഭൂകമ്പത്തിൻറെ പ്രകമ്പനം വടക്ക്-കിഴക്കൻ മേഖലയിലെ സംസ്ഥാനങ്ങളിലും വടക്കൻ ബംഗാളിലുമുണ്ടായി.
അസമിൽ ഭൂചലനമുണ്ടായെന്ന വിവരം ആരോഗ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മ സ്ഥിരീകരിച്ചു. എന്നാൽ, ഇതുസംബന്ധിച്ച് കൂടുതൽ പ്രതികരണങ്ങൾക്ക് അദ്ദേഹം മുതിർന്നില്ല. വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി.