ഡെറാഡൂൺ:
കുംഭമേള പൂർത്തിയായതിന് പിന്നാലെ ഹരിദ്വാറിൽ കർഫ്യൂ പ്രഖ്യാപിച്ച് ഉത്തരവിറങ്ങി. മേളയുടെ അവസാന ചടങ്ങായ സഹി സ്നാൻ പൂർത്തിയായതിന് പിന്നാലെയായിരുന്നു കർഫ്യൂ. പതിനായിരത്തോളം വിശ്വാസികളാണ് അവസാനചടങ്ങുകൾക്കായി ഹരിദ്വാറിൽ എത്തിയത്. കൊവിഡ് പ്രോട്ടോകോൾ പൂർണമായും പാലിക്കാതെയായിരുന്നു ചടങ്ങുകൾ.
നഗരമേഖലകളായ ഹരിദ്വാർ, റൂർക്കേ, ലക്ഷർ, ഭഗവാൻപൂർ എന്നിവിടങ്ങളിലാണ് കർഫ്യു ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഹരിദ്വാർ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഏപ്രിൽ 18ന് കുംഭമേള ചടങ്ങ് മാത്രമാക്കി ചുരുക്കാൻ പ്രധാനമന്ത്രി നിർദേശം നൽകിയിരുന്നു. എന്നാൽ, എഎൻഐ റിപ്പോർട്ടനുസരിച്ച് കഴിഞ്ഞ ദിവസവും നൂറകണക്കിന് സന്യാസികളാണ് കുംഭമേളക്കായി എത്തിയത്.
ഇവരെ കൂടാതെ ആയിരക്കണക്കിന് വിശ്വാസികളും എത്തിയിരുന്നു. കൊവിഡ് പ്രോട്ടോകോൾ പാലിക്കാതെയായിരുന്നു ആയിരക്കണക്കിന് ആളുകൾ ഹരിദ്വാറിൽ തടിച്ച് കൂടിയത്.