Fri. Nov 22nd, 2024
ന്യൂഡല്‍ഹി:

കൊവിഷീൽഡ്, കൊവാക്സിൻ എന്നീ വാക്സീനുകളുടെ വില കുറയ്ക്കണമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെക്കിനോടും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. മെയ് 1 മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സീൻ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണ് വാക്സീൻ വില കുറയ്ക്കണമെന്ന് മരുന്നുകമ്പനികളോട് സർക്കാർ നിർദ്ദേശിക്കുന്നത്. അന്താരാഷ്ട്ര വിലയേക്കാൾ കൂടുതൽ വിലയ്ക്കാണ് വാക്സീനുകൾ കമ്പനികൾ സംസ്ഥാനങ്ങൾക്ക് നൽകുന്നത്.

ഒരേ വാക്സീന് രാജ്യത്ത് മൂന്ന് വില എന്ന നയം വലിയ പ്രതിഷേധമാണ് സംസ്ഥാനങ്ങൾക്കിടയിലും ജനങ്ങൾക്കിടയിലും ഉയർത്തിയത്. ഈ സാഹചര്യത്തിലാണ് വില കുറയ്ക്കാനാകുമോ എന്ന് പരിശോധിക്കാൻ കേന്ദ്രം മരുന്നുകമ്പനികളോട് നിർദ്ദേശിക്കുന്നത്. ആരോഗ്യപ്രവർത്തകർക്കും 45 വയസ്സിന് മുകളിലുള്ളവർക്കും മുന്നണിപ്പോരാളികൾക്കും വാക്സീൻ നൽകുന്നത് സൗജന്യമായി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു.

എന്നാൽ 18 മുതൽ 45 വയസ്സ് വരെയുള്ളവർക്ക് വാക്സീൻ സൗജന്യമായിരിക്കില്ലെന്നാണ് നിലവിലെ പ്രഖ്യാപനം. രാജ്യത്ത് ഏറ്റവും കൂടുതൽ വാക്സീനേഷൻ നടത്തേണ്ട ജനവിഭാഗമാണിത്. ഈ വാക്സിനേഷൻ ഘട്ടത്തിൽ കൊള്ളവില ഈടാക്കിയാണ് മരുന്നുകമ്പനികൾ വാക്സീൻ വിതരണം ചെയ്യുന്നതെന്ന ആരോപണമാണ് ഉയരുന്നത്.

സംസ്ഥാനസർക്കാരുകൾക്ക് കൊവിഷീൽഡ് ഡോസ് ഒന്നിന് 400 രൂപയ്ക്കും, സ്വകാര്യ ആശുപത്രികൾക്ക് ഡോസൊന്നിന് 600 രൂപയ്ക്കും വാക്സീൻ നൽകാനാണ് പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഭാരത് ബയോടെക് നിർമിക്കുന്ന കൊവിഡ് വാക്സീൻ കൊവാക്സിൻ സംസ്ഥാനങ്ങൾക്ക് 600 രൂപ നിരക്കിലാണ് നൽകുന്നത്. സ്വകാര്യ ആശുപത്രികൾക്ക് ഇത് 1200 രൂപ വരെയും, കയറ്റുമതി ചെയ്യുന്ന ഡോസിന് 15 മുതൽ 20 വരെ ഡോളറുമാണ് വില.

By Divya