Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3.2 ലക്ഷം. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും, അവധി ദിനമായതിനാൽ ടെസ്റ്റിംഗ് കുറഞ്ഞതിനാലാവാം എണ്ണവും കുറഞ്ഞതെന്നാണ് വിലയിരുത്തൽ.

രാജ്യത്ത് ആശങ്കയായി മരണനിരക്ക് ഇന്നും 2500-ന് മുകളിലാണ്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 2767 പേരാണ്. തുടർച്ചയായ നാലാം ദിവസവും മൂന്ന് ലക്ഷത്തിന് മുകളിലാണ് രോഗികളുടെ എണ്ണം. മരണനിരക്ക് മൂവായിരത്തിനടുത്തേക്ക് നീങ്ങുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

അതേസമയം കൊവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. രോഗനിയന്ത്രണത്തിൽ ഇതുവരെ സ്വീകരിച്ച നടപടികൾ കേന്ദ്രം കോടതിയെ അറിയിക്കും.
ഒരു കൊവിഡ് രോഗി വീട്ടിലുണ്ടെങ്കിൽ പ്രത്യേകിച്ചും, അതല്ലാതെയും വീട്ടിലും മാസ്ക് ധരിക്കാൻ ശ്രമിക്കണമെന്നാണ് ഇന്നലെ ആരോഗ്യമന്ത്രാലയം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ നിർദേശിച്ചത്.

”വീട്ടിലൊരു കൊവിഡ് രോഗിയുണ്ടെങ്കിൽ എല്ലാവരും മാസ്ക് ധരിച്ചേ തീരൂ. അതല്ലെങ്കിലും വീട്ടിലും മാസ്ക് ധരിക്കാൻ ശ്രമിക്കണമെന്ന് തന്നെയാണ് എനിക്ക് നിർദേശിക്കാനുള്ളത്”, എന്ന് നീതി ആയോഗിന്‍റെ ആരോഗ്യവിഭാഗത്തിന്‍റെ ചുമതലയുള്ള അംഗം വി കെ പോൾ വ്യക്തമാക്കി. വായുവിലൂടെ പടരുന്നതാണ് കൊവിഡ് വൈറസ് എന്ന് വ്യക്തമായ സാഹചര്യത്തിലാണ് പുതിയ നിർദ്ദേശം നൽകുന്നതെന്ന് എയിംസ് ഡയറക്ടർ ഡോ രൺദീപ് ഗുലേറിയ പറഞ്ഞു.

By Divya