ദോഹ:
കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോകത്തിെൻറ വിവിധ ഭാഗങ്ങളിലായി നൂറോളം രാജ്യങ്ങൾക്ക് ഖത്തർ സഹായമെത്തിച്ചു. മഹാമാരി ആരംഭിച്ചത് മുതൽ ഇതുവരെയായി ഇത്രയും രാജ്യങ്ങൾക്ക് ഖത്തർ മെഡിക്കൽ, ഹ്യൂമാനിറ്റേറിയൻ മേഖലകളിലായി സഹായം എത്തിച്ചതായി ഗവൺമെൻറ് കമ്യൂണിക്കേഷൻസ് ഓഫിസ് (ജിസിഒ) അറിയിച്ചു. രാജ്യത്തെ സർക്കാർ, സർക്കാറിതര സ്ഥാപനങ്ങളിൽ നിന്നായി 256 ദശലക്ഷം ഡോളറിന്റെ സഹായമാണ് ലഭിച്ചത്. ഇത് 88ഓളം രാജ്യങ്ങൾക്ക് വാഗ്ദാനം നൽകിയതായും ജിസിഒ വ്യക്തമാക്കി.
കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ വിവിധ രാജ്യങ്ങൾക്ക് സഹായം ഉറപ്പാക്കിയതിനെ തുടർന്ന് ഐക്യരാഷ്ട്ര സഭ ഉൾപ്പെടുന്ന അന്താരാഷ്ട്ര സംഘടനകളും ലോകനേതാക്കളും വിവിധ സന്ദർഭങ്ങളിലായി ഖത്തറിന് നന്ദിയും പ്രശംസയുമർപ്പിച്ച് രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ്ഞ വർഷം ഗ്ലോബൽ അലയൻസ് ഫോർ വാക്സിൻ ആൻഡ് ഇമ്യൂണൈസേഷനുവേണ്ടി ഖത്തർ 20 ദശലക്ഷം ഡോളർ വാഗ്ദാനം നൽകിയിരുന്നു. 2021 അവസാനത്തോടെ 1.3 ബില്യൺ വാക്സിൻ ഡോസുകൾ ഉൽപാദിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി ഗവി കോവാക്സ് അഡ്വാൻസ് മാർക്കറ്റ് കമ്മിറ്റ്മെൻറിന് പിന്തുണ നൽകുന്നതിന് ഖത്തർ ഡെവലപ്മെൻറ് ഫണ്ട് 10 ദശലക്ഷം ഡോളറും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ജിസിഒ വിശദീകരിച്ചു.
വിവിധ രാജ്യങ്ങളിലേക്കായി 20 മില്യൺ വാക്സിനാണ് ഖത്തർ എയർവേസ് എത്തിച്ചത്. മുപ്പത് ലക്ഷം അഭയാർത്ഥികൾക്ക് വാക്സിൻ നൽകുന്നതിനായി 100 മില്യൺ ഡോളർ സമാഹരിക്കുന്നതിനായി ഖത്തർ റെഡ്ക്രസൻറിെൻറ കീഴിൽ അന്താരാഷ്ട്ര ധനസമാഹരണ കാമ്പയിനും തുടങ്ങിയിട്ടുണ്ട്. ഈ വർഷം ഐക്യരാഷ്ട്ര സഭയുടെ വിവിധ സംഘടനകൾക്കായി ഖത്തർ ആകെ സംഭാവന നൽകുന്നത് 62.780 മില്യൺ ഡോളറാണ്.