Wed. Jan 22nd, 2025
ന്യൂഡൽഹി:

രാജ്യത്ത് എട്ട് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നതെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. വൈറസ് മാരകമായതിനാൽ തുടക്കത്തിലെ രോഗം തിരിച്ചറിഞ്ഞാൽ നല്ലത്. രോ​ഗലക്ഷണം കണ്ടാൽ അപ്പോൾ തന്നെ സ്വയം നിരീക്ഷണത്തിലേക്ക് മാറണം. അതിനായി പരിശോധന ഫലം വരാൻ കാത്തിരിക്കരുത് എന്നും ആരോ​ഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി  ലവ് അഗർവാൾ പറഞ്ഞു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ആശുപത്രികളിൽ എന്ത് സജ്ജീകരണമൊരുക്കിയിട്ടും കാര്യമില്ല.  ഓക്സിജൻ പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഓക്സിജൻ ഉത്പാദനം വർധിപ്പിച്ചിട്ടുണ്ട്. കൂടുതൽ ഓക്സിജൻ ഉത്പാദന ടാങ്കുകൾ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിക്കുന്നുണ്ട്.

നിലവിലെ ഓക്സിജൻ വിതരണം മെഡിക്കൽ ആവശ്യത്തിന് മാത്രമാണ്. റെയിൽവേ ഓക്സിജൻ എക്സ്പ്രസുകളുടെ സർവീസ് തുടങ്ങിയിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10% ൽ കൂടുതൽ ഉള്ള പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ നിർബന്ധമാണ്. കേരളത്തിലെയും രോഗവ്യാപനം ആശങ്കാ ജനകമാണ്.

ഒരു ലക്ഷത്തിലധികം പേർ ചികിത്സയിലുണ്ട്. രോഗബാധിതരിൽ 15% പേർക്കാണ് ഗുരുതര ലക്ഷണങ്ങൾ കാണുന്നത്. വയറിളക്കം, ഛർദ്ദി ,ശ്വാസതടസലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും ചികിത്സ തേടണം. നേരിയ ലക്ഷണങ്ങൾ ഉള്ളവർ വീടുകളിൽ ചികിത്സ തുടരണമെന്നും ലവ് അഗർവാൾ നിർദ്ദേശിച്ചു.

രാജ്യത്ത് പ്രതിദിന കൊവിഡ് വർധന മൂന്നര ലക്ഷം പിന്നിട്ട അവസ്ഥയാണുള്ളത്. 24 മണിക്കൂറിനിടെ 3,52,991 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചുവെന്നാണ് രാവിലെ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക്. 2812 മരണം കൂടി ഈ സമയത്തിനുള്ളിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 28 ലക്ഷം കടന്നു. നിലവിൽ 28,13,658 പേർ ചികിത്സയിലുണ്ടെന്നാണ് കേന്ദ്ര സർക്കാർ കണക്ക്. രോഗികളുടെ എണ്ണം ഉയരുന്നതിനൊപ്പം രോഗമുക്തിനിരക്ക് വീണ്ടും താണു. നിലവിൽ 83.05 ശതമാനമാണ് രോഗമുക്തി നിരക്ക്. രണ്ടാം തരംഗത്തിന് തൊട്ട് മുമ്പ് ഇത് 96 ശതമാനമായിരുന്നു.

By Divya