ന്യൂഡൽഹി:
രണ്ടാം തരംഗത്തിൽ കൊവിഡ് ബാധ ചരിത്രം കാണാത്ത വേഗത്തിൽ കുതിക്കുകയും വിമാന സർവീസുകൾ നിലത്തിറങ്ങുകയും ചെയ്തതോടെ രോഗത്തിൽനിന്ന് രക്ഷതേടി സ്വന്തം വിമാനങ്ങളിലും വാടകക്കെടുത്തും വിദേശങ്ങളിലേക്ക് പറന്ന് അതിസമ്പന്നർ. ആഴ്ചകളായി ഇന്ത്യ കൊവിഡ് ബാധിതരുടെ കണക്കുകളിൽ ലോകത്ത് ഒരു രാജ്യവും തൊട്ടിട്ടില്ലാത്ത റെക്കോഡുകൾ കടന്ന് പിന്നെയും മുന്നോട്ടാണ്.
ആശുപത്രികൾ മതിയാകാതെ വരികയും ശ്മശാനങ്ങളിൽ ഒഴിവില്ലാതാകുകയും ഓക്സിജൻ ഉൾപെടെ അവശ്യ സേവനങ്ങൾക്ക് പോലും ഗുരുതര പ്രതിസന്ധി അഭിമുഖീകരിക്കുകയും ചെയ്യുന്നത് രാജ്യത്തെ മുനയിൽ നിർത്തുന്നു. ഞായറാഴ്ച മാത്രം 349,691 ആയിരുന്നു പുതിയ രോഗികൾ. മരണം 2,767ഉം.
ലോകം സഹായവുമായി ഇന്ത്യയിലേക്ക് കൈയഴച്ചു തുടങ്ങിയ ഘട്ടത്തിൽ നാടുവിടുന്ന അതിസമ്പന്നരുടെ എണ്ണം അതിവേഗം കുതിക്കുകയാണെന്ന് കണക്കുകൾ പറയുന്നു. സ്വകാര്യ ജെറ്റുകൾ വാടകക്കെടുക്കുന്നവരുടെ എണ്ണം ‘ഭ്രാന്തമാംവിധം കൂടിവരുന്നതായി’ ചാർട്ടർ വിമാന സേവന ദാതാക്കളായ എയർ ചാർട്ടർ സർവീസ് ഇന്ത്യ വക്താവിനെ ഉദ്ധരിച്ച് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തു.
ശനിയാഴ്ച മാത്രം കമ്പനിയുടെ 12 സർവീസുകളാണ് ദുബൈയിലേക്ക് നിറയെ യാത്രക്കാരുമായി പോയതെന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ടും പറയുന്നു. ചാർട്ടർ സേവനങ്ങൾ ആവശ്യപ്പെട്ട് ‘എൻത്രാൾ ഏവിയേഷനും’ ലഭിച്ചത് നിരവധി അന്വേഷണങ്ങൾ. യാത്രക്കാരുടെ ആവശ്യം കൂടിയതോടെ വിദേശങ്ങളിൽനിന്ന് വിമാനങ്ങൾ എത്തിച്ച് ആവശ്യം പൂർത്തിയാക്കാമെന്ന കണക്കുകൂട്ടലിലാണ് ചാർട്ടർ സ്ഥാപനങ്ങൾ.