മസ്കറ്റ്:
ഇന്ത്യയടക്കം മൂന്നു രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഒമാനിലേക്ക് പ്രവേശന വിലക്ക് ആരംഭിച്ചു. ശനിയാഴ്ച വൈകീട്ട് ആറു മുതലാണ് വിലക്ക് നിലവിൽവന്നത്. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നുള്ള വിമാന സർവ്വീസുകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മുടങ്ങും. മൂന്നു രാജ്യങ്ങളിൽ 14 ദിവസത്തിനിടെ സഞ്ചരിച്ചവർക്കും വിലക്ക് ബാധകമാണ്.
അതേസമയം, ഒമാൻ സ്വദേശികളും നയതന്ത്ര, ആരോഗ്യ ഉദ്യോഗസ്ഥർക്കും യാത്ര ചെയ്യാൻ തടസ്സമുണ്ടാകില്ല. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സുപ്രീം കമ്മിറ്റി യാത്രവിലക്ക് പ്രഖ്യാപിച്ചത്. ഒമാൻ വ്യോമയാന മന്ത്രാലയം എല്ലാ വിമാനക്കമ്പനികൾക്കും ഇതുസംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, ഒമാനിൽനിന്ന് മൂന്നു രാജ്യങ്ങളിലേക്കും വിമാനക്കമ്പനികൾ സർവിസ് തുടരും.
നിയന്ത്രണം നിലവിൽവരുന്നതിനു മുമ്പായി വിവിധ വിമാനക്കമ്പനികൾ യാത്രക്കാരെ ഒമാനിലെത്തിക്കാൻ പുറപ്പെടുന്ന സമയത്തിൽ മാറ്റംവരുത്തിയും ചാർട്ടർ വിമാനങ്ങൾ ഏർപ്പെടുത്തിയും രംഗത്തെത്തി. എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ-മസ്കത്ത് വിമാനം സമയക്രമം മാറ്റി ഉച്ചക്ക് 2.15ന് പുറപ്പെട്ട് 4.45ന് ഒമാനിലെത്തി.
സ്വകാര്യ ട്രാവൽ ഏജൻസി സലാം എയറിന്റെ വിമാനം ചാർട്ടർ ചെയ്ത് 185 യാത്രക്കാരെ കോഴിക്കോട്ടുനിന്ന് രാവിലെ ഒമാനിലെത്തിച്ചു. വരും ആഴ്ചകളിൽ നേപ്പാൾ വഴിയും മറ്റുമായി പ്രവാസികളുടെ മടങ്ങിവരവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ, ചിലവും സമയവും ഏറെയെടുക്കുന്ന ഇത്തരം യാത്രകൾക്ക് പകരം ഒമാനിലേക്ക് നേരിട്ട് യാത്രാസൗകര്യമുണ്ടാകാനാണ് പ്രവാസികൾ ആഗ്രഹിക്കുന്നത്. കൊവിഡ് വ്യാപനം കുറഞ്ഞാൽ മാത്രമായിരിക്കും അത്തരമൊരു തീരുമാനം ഇനിയുണ്ടാകുക.