തിരുവനന്തപുരം:
സംസ്ഥാനത്ത് കൊവിഡ് വാക്സിൻ നിർമാണ സാധ്യതകൾ ആരാഞ്ഞെങ്കിലും സർക്കാർ പിന്തിരിഞ്ഞത് പരിമിതമായ അടിസ്ഥാന സൗകര്യങ്ങളും വലിയ ബാധ്യതയും കണക്കിലെടുത്ത്. സാധ്യത ആരായാൻ അഞ്ച് വിദഗ്ധരെ ചുമതലപ്പെടുത്തിയായിരുന്നു തുടക്കം. സ്വന്തമായി വികസിപ്പിക്കുകയോ സ്വകാര്യ സംരംഭകരുമായി സഹകരിച്ച് വാക്സിൻ നിർമാണ യൂണിറ്റ് സ്ഥാപിക്കുകയോ ആയിരുന്നു ലക്ഷ്യം.
സാഹചര്യങ്ങൾ വിലയിരുത്തിയ സമിതി പക്ഷേ, വാക്സിൻ നിർമിക്കൽ പ്രായോഗികമല്ലെന്ന നിഗമനത്തിലെത്തി. വേഗം വാക്സിൻ വികസിപ്പിക്കൽ നിലവിൽ പ്രായോഗികമല്ല. ഇതിന് കൂടുതൽ സമയവും ശ്രമവും സാമ്പത്തിക പിന്തുണയും വേണം.
അതേസമയം കൊവിഡ് വ്യാപനം പരിഗണിക്കുമ്പോൾ വാക്സിൻ വേഗത്തിൽ ലഭ്യമാക്കൽ അനിവാര്യമാണ്. ഇപ്പോൾ ആരംഭിച്ചാൽ ദീർഘഭാവിയിൽ വാക്സിൻ യാഥാർഥ്യമാകുമെങ്കിലും പ്രതിസന്ധി പരിഹരിക്കാൻ മറ്റു മാർഗം തേടിയെങ്കിലേ മതിയാകൂ എന്നാണ് വിലയിരുത്തൽ.