മുംബൈ:
മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെ പ്രതിചേര്‍ത്ത് സിബിഐ എഫ്ഐആര്‍. മുംബൈ മുന്‍ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗിന്‍റെ ആരോപണങ്ങളുടെ വെളിച്ചത്തില്‍ അഴിമതി, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ആരോപണങ്ങളുടെ വെളിച്ചത്തിലാണ് സിബിഐയുടെ പ്രഥമിക അന്വേഷണ റിപ്പോര്‍ട്ട്.
ഏപ്രില്‍ 21 ബുധനാഴ്ചയാണ് സിബിഐ എഫ്ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. അഴിമതി നിരോധന നിയമത്തിന്‍റെ ഏഴാം വകുപ്പ്. ഐപിസിയുടെ 120 ബി കുറ്റകരമായ ഗൂഢാലോചന എന്നിവ ചേര്‍ത്താണ് സിബിഐ എഫ്ഐആര്‍. അടുത്ത ദിവസങ്ങളില്‍ തന്നെ ദേശ്മുഖിനെ സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേ സമയം മഹാരാഷ്ട്രയില്‍ ഉടനീളം വിവിധ സ്ഥലങ്ങളില്‍ സിബിഐ ശനിയാഴ്ച റെയ്ഡുകള്‍ നടത്തി. ദേശ്മുഖുമായി ബന്ധപ്പെട്ടവരുടെ ഇടങ്ങളിലായിരുന്നു റെയ്ഡ്. മുംബൈയിലെയും, നാഗ്പ്പൂരിലെയും കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നുവെന്നാണ് റിപ്പോര്‍ട്ട്. റെയ്ഡില്‍ വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളും, രേഖകളും സിബിഐ പിടിച്ചെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പിപിഇ കിറ്റ് ധരിച്ചായിരുന്നു റെയ്ഡ് നടത്തിയത്. ചിലയിടങ്ങളില്‍ ഞായറാഴ്ചയും റെയ്ഡ് തുടരും.