ദുബായ്:
രാജ്യത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിക്കാനുള്ള കരടു നിയമത്തിന് യുഎഇ ഫെഡറൽ നാഷനൽ അംഗീകാരം നൽകി. മനുഷ്യാവകാശത്തിന് ഏറെ പ്രാധാന്യം കൽപിക്കുന്നതോടൊപ്പം രാജ്യാന്തര നിയമങ്ങളും കരാറുകളും അനുശാസിക്കുന്ന സ്വാതന്ത്ര്യവും യുഎഇ ഉറപ്പുവരുത്തുന്നതിൻറെ ഭാഗമായാണ് നടപടി. സ്വതന്ത്രമായി പ്രവർത്തിക്കുന്ന ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപവത്കരണം രാജ്യാന്തര മനുഷ്യാവകാശ മേഖലയിൽ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്തും.
അന്താരാഷ്ട്ര ചാർട്ടറുകൾ, ഉടമ്പടികൾ, മനുഷ്യാവകാശങ്ങൾ സംബന്ധിച്ച കൺവെൻഷനുകൾ എന്നിവക്കുള്ള നിയമനിർമാണത്തിൻറെയും നിയമങ്ങളുടെയും അനിവാര്യത കമ്മീഷൻ ഉറപ്പുവരുത്തും, കൂടാതെ രാജ്യത്ത് മനുഷ്യാവകാശ ഉന്നമനത്തിനും സംരക്ഷണത്തിനും ഗണ്യമായ സംഭാവന നൽകുകയും ചെയ്യും. ലക്ഷ്യസാക്ഷാത്കാരത്തിന് കമ്മീഷൻ പ്രാദേശിക വകുപ്പുകളുമായി സഹകരിച്ചു പ്രവർത്തിക്കും. രാജ്യത്തെ മനുഷ്യാവകാശം സംരക്ഷിക്കാനും നിർദേശങ്ങളും പദ്ധതികളും നടപ്പിൽ വരുത്താനും ഇത് സഹായകമാകും.
മനുഷ്യാവകാശ കമ്മീഷൻ രൂപവത്കരണം പുതിയ നാഴികക്കല്ലാണെന്നും ആഗോള മത്സരക്ഷമതാ നിലവാരം ഉയർത്താൻ ഇതുപകരിക്കുമെന്നും സഹമന്ത്രി ഖലീഫ ഷഹീൻ അൽ മർറാർ പറഞ്ഞു.