Thu. Jan 23rd, 2025
ന്യൂഡൽഹി:

കൊവിഡ് നിയന്ത്രണം ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പ്രസംഗം ‘ലൈവ്’ ആയതിനെച്ചൊല്ലി വിവാദം. ഇതു പ്രോട്ടോക്കോളിന് എതിരാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഡൽഹിയിലെ ഓക്സിജൻ ക്ഷാമവും ആശുപത്രികളിലെ ഗുരുതരാവസ്ഥയും വിവരിച്ചുള്ള കേജ്‌രിവാളിന്റെ പ്രസംഗമാണു ചാനലുകളിൽ തൽസമയം സംപ്രേഷണം ചെയ്തത്. അൽപം കഴിഞ്ഞാണ് ഇതു ലൈവാണെന്ന് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. ‘മരിച്ചവരുടെ ആത്മാവിനു ശാന്തി നേരാം’ എന്ന കേജ്‌രിവാൾ പറയുന്നതിനിടെ, പ്രധാനമന്ത്രി മൈക്ക് ഓണാക്കി രൂക്ഷ സ്വരത്തിൽ പറഞ്ഞു– ‘ഇതു നമ്മുടെ കീഴ്‌വഴക്കങ്ങൾക്കും പ്രോട്ടോക്കോളിനും എതിരാണ്. രഹസ്യസ്വഭാവമുള്ള യോഗങ്ങൾ ഏതെങ്കിലും മുഖ്യമന്ത്രി തൽസമയം ടെലികാസ്റ്റ് ചെയ്യുന്നതു ശരിയല്ല’.

‘ഇനി ശ്രദ്ധിക്കാം’ എന്നു ഭാവവ്യത്യാസമില്ലാതെ പറഞ്ഞ് കേജ്‌രിവാൾ തുടർന്നു. ‘മരിച്ചവർക്കു ശാന്തി കിട്ടട്ടെ. എന്തെങ്കിലും തെറ്റായി ചെയ്തിട്ടുണ്ടെങ്കിലോ രൂക്ഷമായ ഭാഷയിൽ പറഞ്ഞിട്ടുണ്ടെങ്കിലോ ക്ഷമിക്കണം. അങ്ങയുടെ നിർദേശങ്ങൾ പാലിക്കാം’.

പിന്നാലെ സമൂഹമാധ്യമങ്ങളിൽ പോര് രൂക്ഷമായി. മോദിയുടെ കെടുകാര്യസ്ഥത കേജ്‌രിവാൾ പൊളിച്ചെന്നും യോഗത്തിനിടെ ഇറങ്ങിപ്പോകാൻ തുടങ്ങിയ മോദിക്കു പിന്നെയാണ് പ്രധാനമന്ത്രിയാണെന്ന കാര്യം ഓർമ വന്നതെന്നും ആം ആദ്മി പാർട്ടിക്കാർ പരിഹസിച്ചു. കേജ്‌രിവാൾ കേന്ദ്രത്തെ കുറ്റം പറ‍ഞ്ഞു തടിയൂരുകയാണെന്ന് ബിജെപിയും വിമർശിച്ചു.

തൽസമയ സംപ്രേക്ഷണത്തെ കേന്ദ്രസർക്കാർ വ‍ൃത്തങ്ങളും വിമർശിച്ചു. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫിസ് ഖേദം അറിയിച്ചു. സംപ്രേക്ഷണം പാടില്ലെന്ന് ആരും പറഞ്ഞിരുന്നില്ലെന്നും മുൻപും ഇങ്ങനെ ചെയ്തിട്ടുണെന്നുമാണു വിശദീകരണം.

By Divya