തിരുവനന്തപുരം:
എസ്എൻസി ലാവലിൻ കേസിൽ പിടിമുറുക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ലാവ്‌ലിൻ ഇന്ത്യ മേധാവികളെ ചോദ്യം ചെയ്യാൻ ഏജൻസി നീക്കമാരംഭിച്ചു. ക്രൈം പത്രാധിപർ ടി പി നന്ദകുമാറിന്റെ പരാതിയിലാണ് എസ്എൻസി ലാവലിൻ പ്രതിനിധികളെ ചോദ്യം ചെയ്യാൻ നീക്കം നടക്കുന്നത്.
കമ്പനി വൈസ് പ്രസിഡന്റ്, ഫിനാൻസ് ഹെഡ് എന്നിവരെ ചോദ്യം ചെയ്യാനാണ് തീരുമാനം. എസ്എൻസി ലാവലിൻ എഞ്ചിനീയറിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മേധാവി കളെയാണ് ചോദ്യം ചെയ്യുക. കമ്പനിയുടെ രാജ്യത്തിനകത്തും പുറത്തുമുള്ള സാമ്പത്തിക വിശദാംശങ്ങൾ ഇ ഡി പരിശോധിക്കും. കമ്പനിയുമായി ബന്ധപ്പെട്ട ഏഴ് ഡോക്യുമെന്റുകൾ ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കേസുമായി ബന്ധപ്പെട്ട് ലാവലിന് ഇതിനോടകം 4 തവണ ഇ ഡി സമൻസ് അയച്ചുകഴിഞ്ഞു. ഫെബ്രുവരി 25, മാർച്ച് 10, 16, ഏപ്രിൽ 8 തീയതികളിലാണ് സമൻസ് അയച്ചത്. ഇതിനിടെ ഇ ഡി നടപടികൾ തടയണമെന്നാവശ്യപ്പെട്ട് ലാവലിൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജി ഹൈക്കോടതി ഉടൻ പരിഗണിച്ചേക്കും.