ന്യൂഡൽഹി:
ഒരു വ്യക്തിയുടെ മരണത്തെക്കുറിച്ചുള്ള തെറ്റായ വാർത്തകൾ അവർക്ക് ദീർഘായുസ് നൽകുമെന്ന് മുൻ ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ. തന്‍റെ മരണവാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സുമിത്ര മഹാജൻ പ്രതികരണവുമായെത്തിയത്. ഹാസ്യരൂപേണയായിരുന്നു പ്രതികരണം.
വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് സുമിത്ര മഹാജൻ അന്തരിച്ചുവെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ശശി തരൂർ എം.പി അനുശോചന ട്വീറ്റ് ചെയ്തതോടെ കാട്ടുതീ പോലെ വ്യാജവാർത്ത പടർന്നു. പിന്നീട് അദ്ദേഹം ട്വീറ്റ് പിൻവലിക്കുകയും മാപ്പ് പറയുകയുമായിരുന്നു. ര
ണ്ടുദിവസം മുമ്പ് 78കാരിയായ സുമിത്ര മഹാജനെ ഇന്ദോറിെല ബോംബെ ആശുപത്രിയിൽ പനിയെ തുടർന്ന് പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെ സമൂഹമാധ്യമങ്ങളിൽ സുമിത്ര മഹാജൻ അന്തരിച്ചുവെന്ന വാർത്തയാണ് പരന്നത്.
‘തന്‍റെ ഇളയമകൻ മന്ദർ മഹാജൻ മരണവാർത്ത പരന്നതോടെ എന്നെ വിളിക്കുകയായിരുന്നു. എന്നെ സന്ദർശിച്ച് ആരോഗ്യം വിലയിരുത്തി തിരിച്ച് പോയതിന് ഒരു മണിക്കൂർ കഴിഞ്ഞതോടെയാണ് അവൻ വീണ്ടും വിളിച്ചത്. അപ്പോഴാണ് ഞാൻ സംഭവം അറിയുന്നത്’ -സുമിത്ര മഹാജൻ പറഞ്ഞു.