Fri. Nov 22nd, 2024
തൃശൂർ:

ആളില്ലാതെ, ആരവമില്ലാതെ തെക്കേ ഗോപുരനട തുറന്നു; പൂരത്തിനു തുടക്കമായി. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ നിയന്ത്രണങ്ങളോടെ ഇന്നു നടക്കുന്ന തൃശൂർ പൂരം; ചരിത്രം!

ആൾത്തിരക്കില്ലെങ്കിലെന്ത്?, ചടങ്ങുകൊണ്ടും ആചാരം കൊണ്ടും ത്രിലോക വിസ്മയം തന്നെ പൂരം. രാവിലെ ഏഴുമണിയോടെ കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലെഴുന്നള്ളി പൂരത്തെ വിളിച്ചുണർത്തും. ഇതോടെ ഘടകപൂരങ്ങളുടെ വരവ് ആരംഭിക്കും. ഒരാനപ്പുറത്ത് എഴുന്നള്ളിച്ചാണ് ഇത്തവണ ഘടകപൂരങ്ങളെത്തുക. പാസ് ലഭിച്ച സംഘാടകർ മാത്രമാകും ഒപ്പം.

11നു പഴയനടക്കാവിൽ മഠത്തിൽ വരവ് പഞ്ചവാദ്യത്തിനു കോങ്ങാട് മധു പ്രമാണിയാകും. 12.30നു പാറമേക്കാവ് അമ്പലത്തിനു മുന്നിൽ ഭഗവതിയെ പുറത്തേക്കെഴുന്നള്ളിക്കുന്ന ചടങ്ങിനൊപ്പം പെരുവനം കുട്ടൻമാരാരുടെ ചെമ്പടമേളം.  2 മണിയോടെ വടക്കുന്നാഥക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിലെ  ഇലഞ്ഞിത്തറയിൽ ലോകപ്രശസ്തമായ ഇലഞ്ഞിത്തറമേളം. 2.45നു ശ്രീമൂലസ്ഥാനത്തു കിഴക്കൂട്ട് അനിയൻമാരാരുടെ പ്രമാണത്തിൽ  തിരുവമ്പാടിയുടെ പാണ്ടിമേളം അരങ്ങേറും.

വൈകിട്ട് 4.30ന് ഇലഞ്ഞിത്തറ മേളം കലാശിച്ച് 5.30നു തെക്കേഗോപുരനടയിൽ  വിശ്വപ്രസിദ്ധമായ കുടമാറ്റം ചടങ്ങായി മാത്രം നടക്കും. പാറമേക്കാവ് വിഭാഗം 15 ആനകളെ അണിനിരത്തും. 25  സെറ്റ് കുട മാറും. തിരുവമ്പാടി വിഭാഗം ഒരാനപ്പുറത്ത് ചടങ്ങിനു മാത്രം കുടമാറ്റത്തിനു നിന്നു മടങ്ങും. 

രാത്രി 11നു പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യത്തിനു പരയ്ക്കാട് തങ്കപ്പൻ മാരാർ പ്രമാണിയാകും.  പുലർച്ചെ 3നു പൂരവെടിക്കെട്ട്. നാളെ രാവിലെ 9നു ശ്രീമൂലസ്ഥാനത്ത് പൂരം വിടചൊല്ലിപ്പിരിയും. കാണികൾക്കു പ്രവേശനം കർശനമായി നിരോധിച്ചിട്ടുള്ളതിനാൽ നഗരത്തിലേക്കുള്ള വഴികൾ പൊലീസ് അടയ്ക്കും. പാസ് ലഭിച്ച സംഘാടകർക്കു മാത്രമാവും പ്രവേശനം.

By Divya