Sun. Jan 19th, 2025
ന്യൂഡല്‍ഹി:

മുന്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ അന്തരിച്ചുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ അനുശോചന സന്ദേശം അയച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പി. എന്നാല്‍ സുമിത്ര മഹാജന് യാതൊരു കുഴപ്പമില്ലെന്ന വിശദീകരണവുമായി ബിജെപി നേതൃത്വം രംഗത്തെത്തിയതോടെ തരൂര്‍ ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു.

വ്യാഴാഴ്ച രാത്രിയാണ് സുമിത്ര മഹാജന്‍ അന്തരിച്ചെന്ന് തെറ്റിദ്ധരിച്ച് തരൂര്‍ അനുശോചന സന്ദേശം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. മുന്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.

ട്വീറ്റ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെ വിഷയത്തില്‍ വിശദീകരണവുമായി ബിജെപി നേതൃത്വം രംഗത്തെത്തുകയായിരുന്നു. സുമിത്ര മഹാജന്‍ പൂര്‍ണ്ണ ആരോഗ്യത്തോടെ ഇപ്പോഴും ജീവനോടെ ഉണ്ടെന്നും ട്വീറ്റ് വ്യാജമാണെന്നുമായിരുന്നു ബിജെപി നേതാക്കള്‍ പറഞ്ഞത്.

ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ താന്‍ ട്വീറ്റ് പിന്‍വലിക്കുകയാണെന്ന് തരൂര്‍ പറഞ്ഞു. വിശ്വസനീയമായ വൃത്തങ്ങളില്‍ നിന്നാണ് ഈ വാര്‍ത്തയെന്നാണ് കരുതിയതെന്നും ഇത്തരം വ്യാജ വാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

By Divya