തിരുവനന്തപുരം:
അടുത്ത രണ്ടാഴ്ച നിര്ണായകമായതിനാല് കർശന നിയന്ത്രണങ്ങൾ വേണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഡോ പിടിസക്കറിയാസ് ആശ്യപ്പെട്ടു. പൂരങ്ങള്‍, പെരുന്നാളുകള്‍, റമദാനോടനുബന്ധിച്ച ഇഫ്താര്‍ പാര്‍ട്ടികള്‍ എല്ലാം ഒഴിവാക്കണം. ആർടിപിസിആർ ടെസ്റ്റുകള്‍ ദിനംപ്രതി ഒരുലക്ഷത്തിലധികം ആക്കണം.
ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ എംബിബിഎസ്, ബിരുദാനന്തര ബിരുദ പരീക്ഷകള്‍ മാറ്റിവെച്ച നടപടി പുനഃപരിശോധിക്കണം. ഒരു ബാച്ച് ഹൗസ് സര്ജന്മാരുടെ കാലാവധി തീരുന്നതോടെ ആരോഗ്യപ്രവര്‍ത്തകരുടെ അംഗബലത്തില്‍ കാര്യമായ കുറവുണ്ടാകും. ഇത് നികത്താനുള്ള അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കൂടുതല്‍ വാക്സിനേഷന് സെൻററുകള്‍ സ്വകാര്യമേഖലയില്‍ അടക്കം അനുവദിക്കുകയും തിരക്ക് പരമാവധി ഒഴിവാക്കുകയും ചെയ്യണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായ ശ്രദ്ധക്കുറവാണ് കേരളത്തില്‍ രോഗവ്യാപനത്തിന് കാരണമായത്. കടുത്ത നിയന്ത്രണങ്ങളിലൂടെ മാത്രമേ മേയ് രണ്ടിന് വോട്ടെണ്ണല്‍ പ്രക്രിയ നടത്താവൂ എന്നും െഎഎംഎ പറഞ്ഞു.