Mon. Dec 23rd, 2024
vaccine stolen from Haryana hospital

ഹരിയാന: ജിന്ദ് ജില്ലയിലെ സർക്കാർ ആശുപത്രിയിലെ കോവിഡ്  വാക്‌സിനുകൾ മോഷണംപോയി. ബുധനാഴ്ച രാത്രി സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന 1,710 ഡോസ് കോവിഷീൽഡും കോവാക്സിനുമാണ്  മോഷ്ടിച്ചിരിക്കുന്നത്‌. ഇന്ന് രാവിലെ ആശുപത്രിയിലെത്തിയ ശുചീകരണ തൊഴിലാളിയാണ് സ്റ്റോർ റൂമിന്റെ പൂട്ടുകൾ തകർത്ത് മോഷണം നടത്തിയ വിവരം പുറത്തറിയിച്ചത്. 

സ്റ്റോർ റൂമിന്റെ നാല് ലോക്കുകളും ഡീപ് ഫ്രീസറും തകർത്താണ്  മോഷ്ടാക്കൾ വാക്‌സിൻ എടുത്തത്. ഇതോടെ ജിന്ദ് ജില്ലയിൽ കുത്തിവയ്പ്പിനായി വാക്സിൻ അവശേഷിക്കുന്നില്ലെന്നാണ്  ഉദ്യോഗസ്ഥർ പറയുന്നത്. ആരോഗ്യ ഉദ്യോഗസ്ഥർ നടപടിയെടുക്കുകയും സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

മറ്റ് ചില വാക്സിനുകളും സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്നെങ്കിലും ഇതൊന്നും കള്ളന്മാര്‍ എടുത്തിട്ടില്ല. ഇതിനൊപ്പം തന്നെ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറുടെ ലാപ്ടോപ്പ്, 50,000 രൂപ എന്നിവ സ്റ്റോര്‍ റൂമിലുണ്ടായിരുന്നു ഇവയും കള്ളന്‍ എടുത്തില്ല. ഇതോടെ കൊവിഡ് വാക്സിന്‍ ലക്ഷ്യമാക്കി തന്നെയാണ് മോഷ്ടക്കള്‍ എത്തിയതെന്ന് വ്യക്തമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.

ആശുപത്രി ഭരണകൂടം സ്റ്റോർ റൂമിന് സമീപം സിസിടിവി ക്യാമറ സ്ഥാപിക്കുകയോ മോഷണം പോലെയുള്ള കാര്യങ്ങൾ  തടയാൻ ഒരു ഗാർഡിനെ നിയോഗിക്കുകയോ ചെയ്തിട്ടില്ല എന്ന ആരോപണങ്ങൾ ഉയർന്നുവരുന്നുമുണ്ട്. കോവിഡ്​ വാക്​സിൻ പാഴാക്കുന്ന കാര്യത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് ഹരിയാന. അതിനിടെയാണ് വാക്സിന്‍ മോഷണം പോയിരിക്കുന്നത്.