ന്യൂഡൽഹി:
പതിനെട്ടു വയസ്സു കഴിഞ്ഞവർക്ക് കൊവിഡ് വാക്സീനായുള്ള റജിസ്ട്രേഷൻ ശനിയാഴ്ച ആരംഭിക്കും. കോവിൻ പോർട്ടലിൽ ആകും റജിസ്ട്രേഷൻ ആരംഭിക്കുക. മേയ് ഒന്നു മുതലാണ് ഇവർക്കുള്ള വാക്സിനേഷൻ തുടങ്ങുന്നത്.
രാജ്യത്തെ പിടിച്ചുകുലുക്കി കൊവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനിടെയാണ് പതിനെട്ടിനു മുകളിൽ പ്രായം വരുന്ന എല്ലാവർക്കും വാക്സീൻ ഉറപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. നിലവിൽ 45 വയസ്സിനു മുകളിലുള്ളവർക്കാണ് വാക്സീൻ ലഭിക്കുന്നത്. ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് പോരാളികൾക്കും പ്രായനിയന്ത്രണമില്ലാതെയും ലഭിക്കുന്നുണ്ട്.
രണ്ടാം ഡോസ് എടുക്കാൻ ശേഷിക്കുന്നവർക്ക് മുൻഗണന നൽകിയാകും 18 വയസ്സിനു മുകളിലുള്ളവരിലേക്കു കുത്തിവയ്പ് വ്യാപിപ്പിക്കുന്നത്. വാക്സീൻ നേരിട്ടു വാങ്ങുന്നതിൽ സംസ്ഥാനങ്ങൾക്കുള്ള നിയന്ത്രണവും എടുത്തുകളഞ്ഞിട്ടുണ്ട്. ഇതനുസരിച്ച് സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കും മറ്റ് സംരംഭങ്ങൾക്കുമെല്ലാം വാക്സീൻ നേരിട്ടു വാങ്ങാം.