Mon. Nov 25th, 2024
ന്യൂഡല്‍ഹി:

ഡൽഹിയിലെ ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട് കൂടുതൽ ആശുപത്രികൾ ഹൈക്കോടതിയെ സമീപിക്കുന്നു. ഡൽഹിയിലെ സരോജ് ആശുപത്രിയാണ് കോടതിയെ സമീപിച്ചത്. ഇന്നലെ അർദ്ധരാത്രി ഹർജി പരിഗണിച്ച അതേ ബെഞ്ചാണ് ഈ ഹർജിയും പരിഗണിക്കുന്നത്. ഓക്സിജൻ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് യാതൊരു വിധ തടസ്സങ്ങളും ഉണ്ടാക്കരുതെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവിൻ്റെ പകർപ്പ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

രാജ്യത്തെ ഓക്സിജൻ ദൗർലഭ്യത്തിൽ കേന്ദ്ര സർക്കാരിനെ ഡൽഹി ഹൈക്കോടതി വിമർശിച്ചിരുന്നു. നിങ്ങൾ ആവശ്യത്തിനു സമയമെടുക്കുമ്പോഴേക്കും ഒരുപാട് ആളുകൾ മരിച്ചുവീഴും എന്ന് ഹൈക്കോടതി പറഞ്ഞു. ഓക്സിജൻ ദൗർലഭ്യത്തിൽ കേന്ദ്രം ജനങ്ങളുടെ ജീവൻ വച്ച് പന്താടുകയാണ്.

എപ്പോഴാണ് സർക്കാർ യാഥാർത്ഥ്യത്തിലേക്കെത്തുക? ആവശ്യത്തിന് ഓക്സിജൻ ലഭ്യമാക്കേണ്ടത് സർക്കാരിൻ്റെ ചുമതലയാണെന്നും ഡൽഹി ഹൈക്കോടതി പറഞ്ഞു. ഓക്‌സിജൻ ലഭ്യമാക്കുന്നതിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന സമീപനത്തിൽ ഞെട്ടലെന്ന് കോടതി നിരീക്ഷിച്ചു. കേന്ദ്രസർക്കാർ ഉണർന്ന് പ്രവർത്തിക്കുന്നതായി കാണുന്നില്ല.

ഓക്‌സിജൻ ക്ഷാമം കാരണം ജനങ്ങൾ മരിക്കുന്നത് കാണാനാകില്ല. യാചിച്ചോ, വാങ്ങിയോ, ബലംപ്രയോഗിച്ചോ അടിയന്തരഘട്ടം മറികടക്കണമെന്ന് കോടതി വ്യക്തമാക്കി.

By Divya