Mon. Dec 23rd, 2024

ന്യൂഡൽഹി: മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ ഡാറ്റയുടെ രണ്ടാം ഇടക്കാല വിശകലനത്തിൽ കോവിഡ്-19 നെതിരായ കോവാക്സിൻ ഷോട്ട് തീവ്രതയില്ലാത്തതുമുതൽ ഗുരുതരമായ രോഗത്തിനുവരെ 78 ശതമാനം ഫലപ്രാപ്തി കാണിക്കുന്നു എന്ന് ഭാരത് ബയോടെക് പറഞ്ഞു. ഗുരുതരമായ കോവിഡ് രോഗത്തിനെതിരായ ഫലപ്രാപ്തി 100% ആയിരുന്നു, ഇത് ആശുപത്രിയിൽ പ്രവേശനം കുറക്കാൻ സഹായിച്ചു. ലക്ഷണങ്ങളില്ലാത്ത കോവിഡിനെതിരായ ഫലപ്രാപ്തി 70% ആണ്, ഇത് കോവാക്സിൻ രോഗം പകരുന്നത് കുറയ്ക്കുന്നെന്നും കമ്പനി ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

മെഡിക്കൽ ഗവേഷണത്തിനുള്ള രാജ്യത്തെ നോഡൽ ഏജൻസിയായ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐസിഎംആർ) സഹകരിച്ചാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി കോവാക്സിൻ വികസിപ്പിച്ചത്. ദേശീയ വാക്സിനേഷൻ ഡ്രൈവിൽ മോദി സർക്കാർ വിന്യസിച്ച രണ്ട് വാക്‌സിനുകളിൽ ഒന്നാണിത്.

കഴിഞ്ഞ വർഷം 25,800 പേർ പങ്കെടുത്ത പഠനത്തിന്റെ അന്തിമ ഫലം 2021 ജൂണിൽ ലഭ്യമാകുമെന്നും പ്രസിദ്ധീകരണത്തിനായി ഒരു പിയർ റിവ്യൂഡ് ജേണലിലേക്ക് അയക്കുമെന്നും കമ്പനി അറിയിച്ചു. നിർജ്ജീവമാക്കിയ കോവിഡ് വൈറസ് ഉപയോഗിച്ചാണ് കോവാക്സിൻ നിർമ്മിച്ചിരിക്കുന്നത്. 2021 മാർച്ചിൽ നടത്തിയ ആദ്യ പരീക്ഷണത്തിൻറെ ഫലത്തെ തുടർന്നാണ് രണ്ടാം ഫലപ്രഖ്യാപനം. ആദ്യ ഇടക്കാല വിശകലനത്തിൽ 81 ശതമാനം ഫലപ്രാപ്തി കണ്ടെത്തിയിരുന്നു.