Tue. Apr 16th, 2024
കൊച്ചി:

ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈം ബ്രാഞ്ച് റജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകാമെന്നു സർക്കാരിനു നിയമോപദേശം ലഭിച്ചു. എന്നാൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല.

സിംഗിൾ ബെഞ്ച് നിയമം വ്യാഖ്യാനിച്ചതിലെ പിഴവുകൾ ചൂണ്ടിക്കാട്ടി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാനാകുമെന്നാണു നിയമോപദേശം.കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ വ്യാജമായി തെളിവുണ്ടാക്കാൻ ശ്രമം നടത്തിയതുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്ത് അന്വേഷിക്കുന്നതിനു ക്രിമിനൽ നടപടി ചട്ടത്തിലെ 195 (1)(ബി)(ഐ) വകുപ്പ് പ്രകാരം വിലക്കുണ്ടെന്നു വിലയിരുത്തിയാണു ഹൈക്കോടതി വിധി പറഞ്ഞത്.

എന്നാൽ കോടതിയുടെ പരിഗണനയിലുള്ള കേസിലാണെങ്കിലും വ്യാജമായി തെളിവുണ്ടാക്കിയെന്ന പരാതി അന്വേഷിക്കാൻ നിയമപരമായി തടസ്സമില്ലെന്നാണു ഭീമ റാസു പ്രസാദ് കേസിൽ മാർച്ച് 12 നു ജസ്റ്റിസ് മോഹൻ. എം ശാന്തനഗൗഡർ, ജസ്റ്റിസ് വിനീത് ശരൺ എന്നിവരുൾപ്പെട്ട സുപ്രീം കോടതി ബെഞ്ച് വിധിച്ചത്.

കൂടാതെ, സിംഗിൾ ബെഞ്ച് ഉത്തരവിൽ ചൂണ്ടിക്കാട്ടിയ ഒട്ടുമിക്ക സുപ്രീം കോടതി വിധികളും യഥാർഥത്തിൽ സംസ്ഥാന സർക്കാരിന് അനുകൂലമാണെന്നും ഇവ ഉപരിപ്ലവമായി മാത്രമാണു സിംഗിൾ ബെഞ്ച് വിലയിരുത്തിയതെന്നുമാണു നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നത്. വ്യാജ തെളിവുണ്ടാക്കാൻ ശ്രമം നടത്തിയെന്ന പേരിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 116 വകുപ്പു പ്രകാരമുള്ള കുറ്റമാണു ക്രൈംബ്രാഞ്ച് ചുമത്തിയിരുന്നത്.

ഇതന്വേഷിക്കാൻ വിലക്ക് ബാധകമല്ല. എന്നാൽ കോടതി പരിഗണിച്ചത് വ്യാജ തെളിവുണ്ടാക്കിയെന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 193 വകുപ്പു പ്രകാരമുള്ള കുറ്റമാണ്. കൂടാതെ, വ്യക്തി എന്ന നിലയിലാണ് പി രാധാകൃഷ്ണൻ ഹർജി നൽകിയിരിക്കുന്നത് എന്ന സർക്കാർ വാദവും സിംഗിൾ ബെഞ്ച് അംഗീകരിച്ചില്ല.

By Divya