ന്യൂഡൽഹി:
കൊവിഡ് തീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, സമരം ചെയ്യുന്ന കർഷകരെ ഒഴിപ്പിച്ച് ‘ഓപ്പറേഷൻ ക്ലീൻ’ നടപ്പാക്കാൻ കേന്ദ്രസർക്കാർ. സമര ഭൂമികളിൽ അംഗബലം വർധിപ്പിച്ച് ‘ഓപ്പറേഷൻ ശക്തി’യിലൂടെ ഈ നീക്കം പ്രതിരോധിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച പറഞ്ഞു. തങ്ങളുടെ ജീവനെ കുറിച്ച് ആശങ്ക ഉണ്ടെങ്കിൽ കേന്ദ്രം കാർഷിക നിയമങ്ങൾ പിൻവലിക്കട്ടെ എന്നാണ് കർഷകരുടെ നിലപാട്.
മുൻപത്തെയത്ര തിരക്കില്ലെങ്കിലും ഡൽഹി അതിർത്തികളിലെ സമരഭൂമികളിൽ കൊവിഡ് സജീവമാണ്. കൊവിഡ് അതിവ്യാപനത്തിന്റെ ഭീഷണി ചൂണ്ടിക്കാട്ടി സമരഭൂമികൾ ഒഴിപ്പിച്ച് ഓപ്പറേഷൻ ക്ലീൻ നടപ്പാക്കാൻ കേന്ദ്രം നീക്കങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ, സമരത്തിൽ നിന്നും പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് സമരക്കാർ.
കേന്ദ്ര നീക്കത്തെ ഓപ്പറേഷൻ ശക്തിയിലൂടെ പ്രതിരോധിക്കാനാണ് സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം. ഇന്നുമുതൽ 26വരെ പ്രതിരോധ വാരം ആചരിക്കും. സർക്കാർ രോഗവ്യാപനം ഭീഷണി ചൂണ്ടിക്കാണിക്കുമ്പോൾ കുംഭമേളയിലും, തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും കൊറോണ ഇല്ലേ എന്നാണ് കർഷകരുടെ മറുചോദ്യം. വീണ്ടും ഡൽഹിയിലേക്ക് എന്ന മുദ്രാവാക്യം ഉയർത്തുകയാണ് കർഷകർ.
മെയ് 10ന് കർഷക സംഘടനകളുടെ ദേശീയ കൺവെൻഷൻ ചേരും.