തിരുവനന്തപുരം:
നിയമസഭ വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് ആഘോഷങ്ങളോ ഒത്തുചേരലുകളോ അനുവദിക്കേണ്ടതില്ലെന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. വോട്ടെണ്ണൽ ദിനത്തിൽ കേരളത്തിൽ ലോക്ഡൗൺ ഏർപ്പെടുത്താൻ ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി പരിഗണനക്കുവന്നിരുന്നു.ഈ പശ്ചാത്തലത്തിലാണ്
വോട്ടെണ്ണൽ ദിനത്തിലെ നിയന്ത്രണം സംബന്ധിച്ച തീരുമാനം.
ഏപ്രിൽ 21, 22 തീയതികളിൽ മൂന്ന് ലക്ഷം പേരെ കൊവിഡ് പരിശോധന നടത്താൻ ലക്ഷ്യമിട്ട് രണ്ടാമത്തെ ‘മാസ് ടെസ്റ്റിങ് കാമ്പയിൻ’ നടത്താൻ ആരോഗ്യവകുപ്പിനോട് നിർദേശിച്ചു. ജില്ലതല നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ ജില്ല-നഗര അതിർത്തികളിൽ പ്രവേശനത്തിന് ആർടിപിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടരുത്.
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന് ആവശ്യമായ ഓക്സിജൻ, പരിശോധനാസാമഗ്രികൾ, അവശ്യമരുന്നുകൾ, കിടക്കകൾ മുതലായവയുടെ ലഭ്യത ആരോഗ്യവകുപ്പ് ഉറപ്പാക്കണമെന്നും നിർദേശിച്ചു.