കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അതിവ്യാപനം ചെറുക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു. പരിശോധന ശക്തമാക്കി കൂടുതല്‍ രോഗവ്യാപനം ചെറുക്കുന്നതിനായുള്ള പദ്ധതികള്‍ക്കാണ് രൂപം നല്‍കുന്നത്.
സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസങ്ങളില്‍ സംഘടിപ്പിച്ച പ്രത്യേക പരിശോധനാ ക്യാമ്പയിന്‍ ജില്ലയില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി വീണ്ടും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍, മറ്റ് ആള്‍ക്കൂട്ടങ്ങളുമായി ഇടപെട്ടവര്‍, കൂടുതല്‍ രോഗബാധിതരാകാന്‍ സാധ്യതയുള്ളവര്‍ എന്നിവരെ കേന്ദ്രീകരിച്ചാകും പ്രത്യേക പരിശോധനാ ക്യാമ്പയിന്‍ നടത്തുക.
ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം നടന്നു. യോഗത്തില്‍ മന്ത്രിമാരായ എ.സി. മൊയ്തീന്‍, ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ ലഭ്യമായിട്ടുള്ള സാധാരണ കിടക്കകള്‍, വെന്റിലേറ്റര്‍, ഓക്‌സിജന്‍, ഐ.സി.യു എന്നീ വിഭാഗങ്ങളിലെ 20 ശതമാനം വീതം കോവിഡ് രോഗികള്‍ക്കായി നീക്കിവയ്ക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.കെ കുട്ടപ്പന്‍.
കൂടാതെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ ഫസ്റ്റ് ലൈന്‍, സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജമാക്കും. ജില്ലയില്‍ നിലവില്‍ ആവശ്യത്തിന് ഐ.സി.യു കിടക്കകള്‍, വെന്റിലേറ്റര്‍ സംവിധാനം, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവ ലഭ്യമാണ്. പൊതു – സ്വകാര്യ ആശുപത്രികളിലായി ജില്ലയില്‍ നിലവില്‍ 3000 ഓക്‌സിജന്‍ കിടക്കകള്‍, 1076 ഐ.സി.യു കിടക്കകള്‍, 359 വെന്റിലേറ്ററുകള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. വാക്‌സിന്‍ ലഭിക്കുന്ന മുറക്ക് വാക്‌സിന്‍ വിതരണവും ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആശുപത്രികള്‍ എത്രമാത്രം സജ്ജമാക്കിയാലും രോഗവ്യാപനത്തിനും പ്രതിരോധത്തിനും പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനത്തോടൊപ്പം നില്‍ക്കണം. ജനങ്ങള്‍ പരമാവധി വീടുകളില്‍ തന്നെ കഴിയുക, കൂട്ടം കൂടാതിരിക്കുക, രോഗവ്യാപനത്തിനുള്ള സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടു.