Mon. Dec 23rd, 2024
പാനൂർ:

യൂത്ത്‍ലീഗ് പ്രവർത്തകൻ പാറാൽ മൻസൂർ (21)  കൊല്ലപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന സിപിഎം പ്രവർത്തകരായ 8 പ്രതികളെയും  ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടുതൽ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി എല്ലാവരെയും വിട്ടുകിട്ടാൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി വിക്രമൻ കഴി‍ഞ്ഞ ദിവസം തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹർജി നൽകിയിരുന്നു.

കോടതി പ്രൊഡക‍്ഷൻ വാറന്റ് പുറപ്പെടുവിച്ചതാണ്. ഇന്ന് പരിഗണിക്കും.   ഇന്നു മുതൽ 7 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു കിട്ടാനാണ് അപേക്ഷ. എഫ്ഐആറിൽ 11 പ്രതികളാണ് ഉള്ളത്.എല്ലാവരും സിപിഎം പ്രവർത്തകരാണ്. ഇവരിൽ 5  പേരും അന്വേഷണ സംഘം കണ്ടെത്തിയ 3 പേരുമാണ് റിമാൻഡിൽ കഴിയുന്നത്.

കേസിലെ രണ്ടാം പ്രതിയും സിപിഎം പുല്ലൂക്കര ബ്രാഞ്ച് കമ്മിറ്റി അംഗവുമായ കൂലോത്ത് രതീഷിനെ ജില്ലാ അതിർത്തിയായ കോഴിക്കോട് ചെക്യാട് അരൂണ്ടയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രതീഷിന്റെ മരണത്തിൽ ദുരൂഹതയുള്ളതിനാൽ  കോഴിക്കോട് റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിന്റെ  അന്വേഷണം പുരോഗമിക്കുന്നു.

റിമാ‍ൻഡിൽ കഴിയുന്ന മൂന്നാം പ്രതി സംഗീത്, നാലാം പ്രതി ശ്രീരാഗ്, അഞ്ചാം പ്രതി സുഹൈൽ എന്നിവരാണ് രതീഷിന്റെ കൂടെ ഉണ്ടായിരുന്നതെന്ന് രതീഷിന്റെ ദുരൂഹ മരണം അന്വേഷിക്കുന്ന സംഘം കണ്ടെത്തിയതാണ്. തിരിച്ചറിഞ്ഞ 5 പ്രതികളെ കൂടി പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണം സംഘം.

By Divya