Fri. Apr 26th, 2024
ന്യൂഡൽഹി:

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ജീവൻ നഷ്ടമാകുന്ന ആരോഗ്യപ്രവർത്തകർക്കുള്ള 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി കേന്ദ്ര സർക്കാർ നിർത്തലാക്കി. കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെയാണ് അപ്രതീക്ഷിത തീരുമാനം. കഴിഞ്ഞ മാസം 24 വരെ മരിച്ചവരുടെ രേഖകൾ ഹാജരാക്കാൻ ഈ മാസം 24 വരെ സമയം അനുവദിച്ചിട്ടുണ്ട്.

തുടർന്നിങ്ങോട്ട് ഇൻഷുറൻസ് പരിരക്ഷയുണ്ടാകില്ലെന്നു വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്കു കത്തു നൽകി. പ്രതിദിന കൊവിഡ് കേസുകൾ രണ്ടര ലക്ഷം കവിഞ്ഞ്, ആശുപത്രികൾ നിറയുമ്പോഴാണ്, ഇൻഷുറൻസ് പോലുമില്ലാതെ ആരോഗ്യപ്രവർത്തകർ ജോലി ചെയ്യേണ്ടി വരുന്നത്.

സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവർത്തകരും കൊവിഡ് പ്രവർത്തനങ്ങളിലേക്കു തിരിച്ചുവന്ന വിരമിച്ച ജീവനക്കാരും സന്നദ്ധ പ്രവർത്തകരും ഉൾപ്പെടെ രാജ്യത്തെ 20 ലക്ഷത്തോളം പേർക്കായി കഴിഞ്ഞവർഷം മാർച്ച് 30 മുതലാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജ് (പിഎംജികെപി) പ്രഖ്യാപിച്ചത്. സെപ്റ്റംബറിൽ കേസുകൾ കുതിച്ചുയർന്നു ദിവസം ഒരു ലക്ഷത്തിന് അടുത്തെത്തിയപ്പോൾ പദ്ധതി ഈ വർഷം മാർച്ച് വരെയാക്കിയിരുന്നു.

വാക്സീൻ വിതരണത്തിൽ ആരോഗ്യപ്രവർത്തകർക്കു മുൻഗണന നൽകിയതു പദ്ധതി നിർത്തിവയ്ക്കാൻ പ്രേരണയായി. കൊവിഡ് പോരാളികൾക്കു ബാധകമാകുന്ന പുതിയ പദ്ധതിയെക്കുറിച്ച് ഇൻഷുറൻസ് കമ്പനിയുമായി ചർച്ച നടക്കുന്നുവെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ പ്രതികരണം.

By Divya