Mon. Dec 23rd, 2024
പാലക്കാട്:

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വാളയാര്‍ അതിർത്തിയിൽ ഇന്ന് മുതല്‍ കേരളവും കൊവിഡ് പരിശോധന തുടങ്ങും. ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവരെ ജില്ലാ അതിർത്തിയിൽ ഇന്ന് മുതൽ പരിശോധിക്കും. ആരോഗ്യ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ കേരളത്തിലേക്ക് പ്രവേശനം അനുവദിക്കൂ. അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത ശേഷം പ്രവേശനത്തിന് അനുമതി നൽകുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

രാജ്യത്തിന് പുറത്തുനിന്നും ഇതര സംസ്‌ഥാനങ്ങളിൽ നിന്നും കേരളത്തിൽ വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഉത്തരവിറക്കിയതിന് പിന്നാലെയാണ് വാളയാര്‍ അതിർത്തിയിൽ നാളെ മുതല്‍ പരിശോധന തുടങ്ങാന്‍ തീരുമാനച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ വരുന്നവർ ആർടിപിസിആർ പരിശോധന നടത്തണമെന്നാണ് നിർദ്ദേശം.

48 മണിക്കൂർ മുമ്പോ എത്തിയ ഉടനെയോ പരിശോധന നടത്തണം. പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. വാക്സീനെടുത്തവർക്കും പുതിയ നിർദ്ദേശങ്ങൾ ബാധകമാണ്. കേരളത്തിൽ എത്തിയ ശേഷം പരിശോധന നടത്തുന്നവർ ഫലം വരുന്നതുവരെ ക്വാറന്റൈൻ പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

By Divya