Fri. Nov 22nd, 2024
റിയാദ്:

സൗദി അറേബ്യയിൽ മൊബൈൽ ഭക്ഷണശാലകളിലെ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പാക്കുന്നു. മൂന്നിനം ഫുഡ് ട്രക്കുകളിൽ അടുത്ത മാസം മുതൽ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നിർബന്ധിത സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കുന്നത്.

ഐസ്‍ക്രീം, പാനീയങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ വിൽപന നടത്തുന്ന വാഹനങ്ങളിലാണ് സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കുന്നത്. സൗദിവൽക്കരണ പദ്ധതികൾ പ്രയോജനപ്പെടുത്തി തൊഴിലുകൾ ആഗ്രഹിക്കുന്നവർക്ക് പലവിധ സഹായ പദ്ധതികൾ മന്ത്രാലയം നടപ്പാക്കും.

പുതുതായി ജോലിയിൽ പ്രവേശിക്കുന്നവരുടെ വേതന വിഹിതം വഹിക്കുന്ന പദ്ധതിയും തൊഴിൽ പരിശീലനം നൽകുന്നതിനുള്ള ചെലവുകൾ വഹിക്കുന്ന പദ്ധതിയും അടക്കമുള്ള പദ്ധതികളാണ് മന്ത്രാലയം നടപ്പാക്കുക. മൂന്നു വർഷത്തിനുള്ളിൽ സ്വകാര്യ മേഖലയിൽ മൂന്നു ലക്ഷത്തിലേറെ സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കാനാണ് മന്ത്രാലയം ശ്രമിക്കുന്നത്.

റെസ്റ്റോറൻറുകളിൽ 20 ശതമാനം സൗദിവൽക്കരണം നിർബന്ധമാക്കാനും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഷോപ്പിങ് മാളുകൾക്കും വാണിജ്യ കേന്ദ്രങ്ങൾക്കും അകത്ത് പ്രവർത്തിക്കുന്ന റെസ്റ്റോറന്റുകളിൽ 40 ശതമാനം സൗദിവൽക്കരണമാണ് പാലിക്കേണ്ടത്. ഒരു ഷിഫ്റ്റിൽ നാലും അതിൽ കൂടുതലും ജീവനക്കാരുള്ള മുഴുവൻ റെസ്റ്റോറന്റുകളും നിശ്ചിത ശതമാനം സൗദിവൽക്കരണം പാലിക്കൽ നിർബന്ധമാണ്.

By Divya