തിരുവനന്തപുരം:
സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്നു. ഒരു ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന ആയിരത്തില്‍ അധികം രോഗികളില്‍ 5 ശതമാനത്തിലേറെപ്പേര്‍ക്ക് തീവ്ര പരിചരണം ആവശ്യമായി വരുന്നതായി റിപ്പോർട്ട്. കൊവിഡ് ബാധിച്ച് കിടത്തി ചികില്‍സ വേണ്ട 1400 പേരെയെങ്കിലും പ്രതിദിനം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നുണ്ട്. ഇതില്‍ നല്ലൊരു വിഭാഗത്തിലും ന്യുമോണിയയും ജീവിതശൈലി രോഗങ്ങളും ഉണ്ടാകുന്നുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ചികില്‍സക്കായി മാറ്റിയ 80 ഐസിയു കിടക്കകളും നിറഞ്ഞു. കൊവിഡ് വിഭാഗത്തിലെ 65 വെന്‍റിലേറ്ററിലും അതീവ ഗുരുതരാവസ്ഥയില്‍ രോഗികളുണ്ട്. ജനറല്‍ ആശുപത്രിയില്‍ ഐസിയു ഇല്ല. എറണാകുളത്തും കോഴിക്കോടും സമാനമായ സാഹചര്യം തന്നെയാണ്.
കൊവിഡ് ചട്ടങ്ങൾ പാലിക്കുന്നതിൽ പൊതുജനങ്ങളിൽ പൊതുവേ ഉണ്ടായ അലസതയും വൈറസിന് വ്യാപനത്തിലൂടെ ഉണ്ടായ ജനിതകവ്യതിയാനവുമാണ് കൊവിഡ് രണ്ടാംതരംഗം ഇത്ര തീവ്രമാകാൻ കാരണമെന്ന് ആരോഗ്യവിദഗ്ധനായ ഡോ. രാജീവ് ജയദേവൻ പറയുന്നു.