കോഴിക്കോട്:
കൊവിഡ് സ്ഥിരീകരിച്ച് എട്ടാം നാൾ വീണ്ടും പരിശോധന നടത്താെമന്ന് ‘ആരോഗ്യകേരളം’. മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ച് എട്ടാം നാൾ വീണ്ടും പരിശോധന നടത്തിയത് വിവാദമായതിനു പിന്നാലെയാണ് ദേശീയ ആരോഗ്യദൗത്യത്തിെൻറ കീഴിലുള്ള ‘ആരോഗ്യകേരള’ത്തിൻ്റെ മനംമാറ്റം. ‘ഏഴുദിവസം ക്വാറൻറീൻ, എട്ടാം നാൾ ടെസ്റ്റ് ‘ എന്നാണ് ആരോഗ്യകേരളത്തിൻ്റെ ഫേസ്ബുക്ക് പേജിൽ പറയുന്നത്.
കൊവിഡ് സ്ഥിരീകരിച്ച് പത്തുദിവസത്തിനുശേഷം അടുത്ത പരിശോധനയെന്ന പ്രോട്ടോകോൾ നിലനിൽക്കെയാണ് സമൂഹമാധ്യമങ്ങളിൽ ആരോഗ്യകേരളം സ്വന്തമായ പ്രോട്ടോകോളുണ്ടാക്കി പ്രചരിപ്പിക്കുന്നത്. വിഐപികളുടെ ചികിത്സക്ക് നേതൃത്വം നൽകുന്ന മെഡിക്കൽ ബോർഡ് തീരുമാനപ്രകാരം നേരത്തേ പരിശോധന നടത്താമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രോട്ടോകോൾ ലംഘനവുമായി ബന്ധപ്പെട്ട് ചിലഡോക്ടർമാരും മറ്റും വിശദീകരിച്ചിരുന്നത്. എന്നാൽ, മുഴുവനാളുകൾക്കും എട്ടാം നാൾ വീണ്ടും പരിശോധന എന്നത് വിവാദത്തിൽനിന്ന് തലയൂരാനാണെന്ന് വ്യക്തമാണ്.
കൊവിഡ് ബാധിച്ച് എട്ടാം നാൾ വീണ്ടും പരിശോധിച്ചാൽ രോഗി നെഗറ്റിവാകാനുള്ള സാധ്യത എല്ലാവരിലും ഒരുപോലെയല്ലെന്ന് ഒരു ഐഎംഎ ഭാരവാഹി പറഞ്ഞു. പത്തുദിവസം കഴിയുമ്പോൾ പരിശോധിച്ചാൽ തന്നെ പലരും നെഗറ്റിവാകുന്നില്ല. വീണ്ടും അഞ്ചുദിവസത്തോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. ഇതോടെ തുടർച്ചയായി പരിശോധന നടത്തുമ്പോൾ ആയിരക്കണക്കിന് പരിശോധന കിറ്റുകൾ വേണ്ടിവരും.
അതിനിടെ, മുഖ്യമന്ത്രി പിണറായി വിജയനെ കോഴിക്കോട് ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ സിടി സ്കാൻ എടുക്കാൻ കൊണ്ടുപോയതുൾപ്പെടെ കൊവിഡ് ചട്ടങ്ങൾ പാലിച്ചായിരുന്നില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. പിപിഇ വസ്ത്രം പോലും ധരിക്കാതെയാണ്, കോവിഡ് ബാധിതനായ മുഖ്യമന്ത്രിക്ക് ചില ഡോക്ടർമാർ അകമ്പടി പോയത്. മുഖ്യമന്ത്രിക്കും പിപിഇ വസ്ത്രമുണ്ടായിരുന്നില്ല.
ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൻ്റെ രണ്ടാം ദിവസമായിരുന്നു വിശദമായ പരിശോധനക്കായി സ്കാനിങ് നടത്തിയത്. മുഖ്യമന്ത്രി ആശുപത്രിയിലേക്ക് വരാൻ കാറിലിറങ്ങിയപ്പോൾ തൊട്ടടുത്തുനിന്ന് സല്യൂട്ട് നൽകിയ സിറ്റി പൊലീസ് മേധാവി എവി ജോർജിൻ്റെ നടപടിയും വിവാദമാകുകയാണ്.