ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രിയെ ‘കൊവിഡിയറ്റ്’ എന്ന് വിളിച്ചാണ് പരിഹാസം. പിണറായി വിജയനെ വിശേഷിപ്പിക്കാന്‍ മറ്റ് വാക്കുകളില്ലെന്നും വി മുരളീധരന്‍ ട്വിറ്ററില്‍ കുറിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മുരളീധരന്‍റെ കടുത്ത പരിഹാസം.
മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മുഖ്യമന്ത്രി വോട്ട് ചെയ്തതെന്നും കൊവിഡ് പോസിറ്റീവായ മുഖ്യമന്ത്രി ആറാം നാള്‍ ആശുപത്രി വിട്ടെന്നും വി മുരളീധരന്‍ ആരോപിച്ചിരുന്നു. സ്വന്തം കാര്യം വരുമ്പോള്‍ മുഖ്യമന്ത്രിക്ക് പ്രോട്ടോക്കോള്‍ ബാധകമല്ലേയെന്നാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍റെ ചോദ്യം. മുഖ്യമന്ത്രിക്ക് നാലാം തിയ്യതി രോഗ ലക്ഷണങ്ങളുണ്ടായിരുന്നെങ്കിൽ അന്ന് നടത്തിയ റോഡ്ഷോ ലംഘനമല്ലേ. കൊവിഡ് പോസിറ്റീവായ ഒരാള്‍ക്ക് പത്താം നാളാണ് വീണ്ടും പരിശോധന നടത്തേണ്ടതെങ്കിലും മുഖ്യമന്ത്രി നേരത്തെ പരിശോധന നടത്തി ആശുപത്രി വിട്ടെന്നും മുരളീധരന്‍ പറഞ്ഞു.
അതേസമയം, വിശയത്തില്‍ മറുപടിയുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ആറാം തിയതിയാണ്. അന്ന് രാവിലെയാണ് മുഖ്യമന്ത്രി വോട്ടുചെയ്യുന്നത്. അതിലെന്താണ് ചട്ടലംഘനമെന്നാണ് ആരോഗ്യമന്ത്രിയുടെ ചോദ്യം. മുഖ്യമന്ത്രിക്ക് നാലാം തിയതി മുതൽ ലക്ഷണം ഉണ്ടെന്ന് സൂപ്രണ്ടിന് എങ്ങനെയാണ് പറയാൻ സാധിക്കുക. പ്രിസിപ്പാളാണ് ഇക്കാര്യം പറയുക. കൊവിഡ് മുക്തനായ മുഖ്യമന്ത്രിക്ക് വലിയ യാത്രയപ്പൊന്നും നൽകിയിട്ടില്ല. എന്തും പറയാമെന്ന നിലയാവരുത് കാര്യങ്ങളെന്നും ആരോഗ്യമന്ത്രി പറഞ്ഞു.