Mon. Dec 23rd, 2024
തിരുവനന്തപുരം:

ആലപ്പുഴ വള്ളികുന്നത്ത് പതിനഞ്ചുകാരനായ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയ സംഭവം കേരളീയ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ബാലസംഘം. കുട്ടികളെ പോലും കൊന്നൊടുക്കുന്ന ആര്‍എസ്എസ് വേട്ട അവസാനിപ്പിക്കണമെന്നും ബാലസംഘം സംസ്ഥാന പ്രസിഡണ്ട് എസ് ആര്യ രാജേന്ദ്രനും സെക്രട്ടറി സരോദ് ചങ്ങാടത്തും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

എസ്എഫ്ഐ പ്രവര്‍ത്തകനായ സഹോദരനോടുള്ള രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ അഭിമന്യുവിനെ ആര്‍എസ്എസ് ക്രിമിനല്‍ സംഘം മൃഗീയമായി കുത്തിക്കൊലപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ പക തീര്‍ക്കാന്‍ കുട്ടികളെപ്പോലും വേട്ടയാടാന്‍ മടിക്കാത്ത സംഘപരിവാര്‍ കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് ബാലസംഘം സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ഏപ്രില്‍ 17ന് ശനിയാഴ്ച്ച മുഴുവന്‍ ഏരിയാ കേന്ദ്രങ്ങളിലും ബാലസംഘം നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്നും അറിയിച്ചു. പടയണിവട്ടം ക്ഷേത്രത്തില്‍ ഇന്നലെ വിഷു ഉത്സവത്തിനിടെ രാത്രി പത്ത് മണിയോടെയാണ് 15 കാരനായ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തുന്നത്.

നേരത്തെ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിനിടെ തര്‍ക്കങ്ങളുണ്ടായതില്‍ അഭിമന്യുവിന്റെ സഹോദരന്‍ ഉള്‍പ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പടയണിവട്ടം ക്ഷേത്രത്തില്‍ വെച്ച് അക്രമമുണ്ടായത്.

By Divya